വെള്ളാപ്പള്ളി നടേശന് നല്‍കിയ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന പരാതികളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇടപെട്ടു. സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍ നല്‍കിയ പരാതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച അറിയിപ്പ് പരാതിക്കാരായ സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ കമ്മിറ്റിക്ക് ലഭിച്ചു.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് രാജ്യം ആദരം നല്‍കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യാംപയിന്‍ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. വെള്ളാപ്പള്ളി നടേശന് ഉന്നത ബഹുമതി നല്‍കുന്നത് പുരസ്‌കാരത്തിന്റെ അന്തസിനെ ബാധിക്കുമെന്നും മുന്‍പ് പത്മ പുരസ്‌കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നല്‍കുന്നത് പുനഃപരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ ഗൗരവകരമായതിനാല്‍, ഇവ കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി ഭവന്‍ പരാതിക്കാരനായ ആര്‍ എസ് ശശികുമാറിന് അയച്ചുകൊടുത്തു. പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും നല്‍കുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായതിനാലാണ് പരാതി അവിടേക്ക് കൈമാറിയത്.
വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരേ സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ കമ്മിറ്റിയെ കൂടാതെ എസ്എന്‍ഡിപി സംരക്ഷണ സമിതിയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 21ഓളം ക്രിമിനല്‍ കേസുകളില്‍ വെള്ളാപ്പള്ളി പ്രതിയാണെന്നും പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുണ്ട്. കൂടാതെ തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമവിരുദ്ധമാണെന്നും, ഈ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി വ്യക്തമാക്കി.
രാജ്യത്തിന്റെ 77ാം റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പ്രഖ്യാപിച്ചത്. പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം.
