ശിക്ഷിക്കാനുള്ള അധികാരം പോലിസിനല്ല, ജുഡീഷ്യറിക്ക്; പ്രതികളുടെ കാലിനു താഴെ വെടിവച്ചിടുന്ന യുപി പോലിസിന്റെ നടപടിക്കെതിരേ അലഹബാദ് ഹൈക്കോടതി

Update: 2026-01-31 07:01 GMT

അലഹബാദ്: പ്രതികളുടെ കാലിനു താഴെ വെടിവച്ചിടുന്ന യുപി പോലിസിന്റെ നടപടിക്കെതിരേ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ഈ നടപടി ഒരു പരിധി വരെ ഏറ്റുമുട്ടലാണെന്നു പറയാമെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് പോലിസ് ഡയറക്ടര്‍ ജനറലായ രാജീവ് കൃഷ്ണയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറി സജ്ഞയ് പ്രസാദിന്റെയും പക്കല്‍ നിന്നും കോടതി വിവരങ്ങള്‍ തേടി.

വ്യത്യസ്ത കേസുകളിലായി പരിക്കു പറ്റിയ മൂന്നു പേരുടെ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. നിശ്ചിത വിഷയത്തില്‍ ഒരു പോലിസുകാരനു പോലും പരിക്ക് പറ്റിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളായവരുടെ കാലിന് വെടിവച്ചിടുന്നത് സംസ്ഥാനത്തെ പോലിസുകാരുടെ ഒരു രീതിയും ശീലവുമായി മാറിയെന്നും കോടതി കണ്ടെത്തി. ഇത് ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും ഇവിടെ ഒരു ഭരണഘടനയുണ്ടെന്നും കോടതി വ്യക്തമാക്കി.

പോലിസല്ല പവറെന്നും ഒരാളെ ശിക്ഷിക്കാനുള്ള അധികാരം കോടതിക്കാണെന്നും അത് കൈയ്യിലെടുക്കാന്‍ പോലിസിനെ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനത്തെ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഡിജിപി രാജീവ് കൃഷ്ണ മറുപടിയായി പറഞ്ഞു.

Tags: