ഹവാന: സമ്പൂര്‍ണ്ണ വൈദ്യുതി തടസ്സത്തിന് ശേഷം ക്യൂബയില്‍ ഭാഗികമായി വൈദ്യുതി വിതരണം പുനസ്ഥാപിച്ചെങ്കിലും, രാജ്യത്ത് പ്രതിസന്ധി തുടരുകയാണ്. ഇന്ധനക്ഷാമം മൂലം 29 മണിക്കൂറിലധികം നീണ്ട ബ്ലാക്കൗട്ട് രാജ്യത്തെ ജനജീവിതത്തിന്റെ താളം തെറ്റിച്ചു. രാജ്യത്തെ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ 'അന്റോണിയോ ഗ്വിറ്റെറാസ്' പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് വൈദ്യുതി ബന്ധം തിരിച്ചെത്തിയത്. എന്നാല്‍ ഉത്പാദനം ഇപ്പോഴും പരിമിതമായതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഏകദേശം ഒരു കോടിയോളം ആളുകളാണ് പ്രതിസന്ധിയിലായത്.
വൈദ്യുതി മുടക്കവും വിലക്കയറ്റവും അടക്കമുള്ള പ്രശ്‌നങ്ങളില്‍ പ്രതിഷേധം രാജ്യത്ത് ശക്തിപ്രാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. തലസ്ഥാനത്തോട് ചേര്‍ന്ന മൊറോണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് കെട്ടിടത്തിന് തീയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പേലിസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിഗുവല്‍ ഡിയാസ് കാനല്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അംഗീകരിച്ചെങ്കിലും അക്രമവും നശീകരണവും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ക്ഷാമം മൂലം ജനങ്ങളുടെ അതൃപ്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനമായ ഹവാനയില്‍ പോലും ദിവസേന 16 മണിക്കൂറിലധികം വൈദ്യുതി മുടക്കമാണ് അനുഭവപ്പെടുന്നത്. ഇത് ഭക്ഷണജല വിതരണത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയും ക്യൂബയും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ക്യൂബ ഒരു ഒത്തുതീര്‍പ്പിന് തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡേണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. ഈ വര്‍ഷം ഇതുവരെ രണ്ടു ചെറിയ കപ്പലുകള്‍ മാത്രമാണ് ക്യൂബയില്‍ ഇന്ധനവുമായി എത്തിയത്. ഹോങ്കോങ് പതാകയുള്ള മറ്റൊരു കപ്പല്‍ നിലവില്‍ ക്യൂബ ലക്ഷ്യമാക്കി വരുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
