'ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്'; പത്മവിഭൂഷണില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന് വി എസിന്റെ കുടുംബം
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന് കുടുംബം. ഏതൊരു പുരസ്‌കാരത്തേക്കാളും വലുത് ജനഹൃദയങ്ങളിലെ സ്ഥാനമാണെന്ന് വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നേരത്തെ, പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.
ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ വി എസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളേയും പാര്‍ട്ടിയുടെ തീരുമാനങ്ങളേയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചാണ് അരുണ്‍ കുമാര്‍ നിലപാട് ആവര്‍ത്തിച്ചത്.
വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷമെന്നും പുരസ്‌കാരം സ്വീകരിക്കുന്നത് വി എസിന്റെ കുടുംബത്തിന് തീരുമാനിക്കാമെന്നുമായിരുന്നു പാര്‍ട്ടി നിലപാട്. മുന്‍പ് പത്മ പുരസ്‌കാരങ്ങള്‍ സിപിഎം നേതാക്കള്‍ സ്വീകരിച്ചിരുന്നില്ല. 1992ല്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് പി വി നരസിംഹറാവു സര്‍ക്കാര്‍ പത്മ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇഎംഎസ് പുരസ്‌കാരം നിരസിച്ചിരുന്നു.
പിന്നീട്, ഐക്യമുന്നണി സര്‍ക്കാറിന്റെ കാലത്ത് 2022ല്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പുരസ്‌കാരം നിരസിച്ചു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും പത്മപുരസ്‌കാരം സ്വീകരിക്കില്ലെന്ന നിലപാടെടുത്തിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയാണ് നേതാക്കളുടെ പ്രവര്‍ത്തനമെന്നും ഭരണകൂടത്തിന്റെ ഇത്തരം പുരസ്‌കാരങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് നിലപാടെന്നുമാണ് സിപിഎം അന്ന് വ്യക്തമാക്കിയത്.
