അവിശുദ്ധ കൂട്ടുകെട്ടുകള്‍ കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാവില്ല: സിപിഎ ലത്തീഫ്
തൃശൂര്‍: ഇടത്-വലത്-ബിജെപി കക്ഷികള്‍ക്കിടയിലെ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് എസ്ഡിപിഐ എന്ന നവമുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നു തെളിയിച്ച തിരഞ്ഞെടുപ്പാണ് 2025ലെ ലോക്കല്‍ ബോഡി ഇലക്ഷനെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. തൃശൂര്‍ ജവഹര്‍ ബാലഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാനത്തെ എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികള്‍ എന്ന നിലയില്‍ എല്ലാക്കാലത്തും മികച്ച മാതൃകകള്‍ സൃഷ്ടിച്ചവരാണ് എസ്ഡിപിഐ അംഗങ്ങള്‍. അഴിമതിയില്ലാത്ത വിവേചനം ഇല്ലാത്ത ജനപക്ഷ വികസനം സാധ്യമാകുമെന്ന് 2010 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തെളിയിച്ചിട്ടുണ്ട്. നിയമസഭാ പ്രാതിനിധ്യം ഇല്ലാഞ്ഞിട്ട് പോലും വിവിധ മുന്നണികള്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഭയപ്പെടുകയും അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് മൂല്യാധിഷ്ഠതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഭാവിയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടാണ്. നൂറിലധികം സീറ്റുകള്‍ നേടിക്കൊണ്ട് ഇപ്രാവശ്യവും കരുത്തുകാട്ടാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. കില-തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കുമാര്‍ ക്ലാസ് നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, റോയ് അറയ്ക്കല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി പി റഫീഖ്, സെക്രട്ടറിമാരയ അന്‍സാരി ഏനാത്ത്, കൃഷ്ണന്‍ എരത്തിക്കല്‍, എം എം താഹിര്‍, മഞ്ജുഷ മാവിലാടം, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍, ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ശാന, എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
