നവീന്‍ ബാബു കേസില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്നകുമാര്‍ കോട്ടൂര്‍ വാര്‍ഡില്‍ നിന്ന് ജനവിധി തേടും
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല രത്നകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിനു പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് രത്നകുമാര്‍ മല്‍സരിക്കുക.
കേസില്‍ പി പി ദിവ്യക്ക് അനുകൂലമായ ഇടപെടലുകള്‍ പോലിസ് നടത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അതിനിടെയാണ് സിപിഎം ടി കെ രത്നകുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് കോട്ടൂര്‍. താന്‍ സിപിഎം സഹയാത്രികനാണെന്നും പാര്‍ട്ടി നേതാക്കള്‍ മല്‍സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ അംഗീകരിക്കുകയായിരുന്നുവെന്നുമാണ് രത്നകുമാര്‍ പറയുന്നത്.
ടി കെ രത്‌നകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തെത്തി. പോലിസിനെ രാഷ്ട്രീയവല്‍കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രത്‌നകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. വിരമിച്ച് രണ്ടു മാസത്തിനുളളില്‍ സിപിഎം സ്ഥാനാര്‍ത്ഥി എന്നതില്‍ തന്നെ എല്ലാമുണ്ടെന്നും പ്രതിപക്ഷത്തിന്റെ മുഴുവന്‍ ആരോപണങ്ങളും ശരിയായെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു വിഷയം ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
