'കുഞ്ഞു ഷെറിന് അവസാന യാത്രാമൊഴി'; ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാര ചടങ്ങുകള്‍ സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാണ് വിട നല്‍കുന്നത്.
അതേസമയം, ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. എസ്ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്.
ആലിന്റെ നേത്രപടലവും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. വാല്‍വ് എസ്ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികല്‍സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് തീരുമാനം.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിന്‍ ഷെറിന്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കുഞ്ഞ് ആലിന്‍ ഷെറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.
