കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊന്ന സംഭവം; പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പോലിസ്

Update: 2025-10-21 03:01 GMT

മഞ്ചേരി: എളങ്കൂര്‍ ചാരങ്കാവില്‍ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പോലിസ്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പ്രതി മൊയ്തീന്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ വിശദമായ ചോദ്യം ചെയ്യണമെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലിരിക്കെ, തൊഴില്‍ സംബന്ധിച്ച ചില കാര്യങ്ങള്‍ മൊയ്തീന്‍ പറഞ്ഞിരുന്നു. പ്രതിയെടുത്തിരുന്ന തൊഴില്‍ പ്രവീണ്‍ ഏറ്റെടുത്തത് വൈരാഗ്യത്തിനു കാരണമായിരുന്നു. ഇത് പോലിസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

പോരൂര്‍ ചാത്തങ്ങോട്ടുപുറം നടുവിലെചോലയില്‍ നീലാണ്ടന്റെ മകന്‍ പ്രവീണ്‍(35) ആണ് കഴിഞ്ഞ ദിവസം രാവിലെ കൊല്ലപ്പെട്ടത്. പ്രവീണും ചാത്തങ്ങോട്ടുപുറം വീട്ടിക്കാപ്പറമ്പ് സുരേന്ദ്രനും ഒന്നിച്ചു കാടുവെട്ടാന്‍ പോകുന്നവരാണ്. അങ്ങാടിയിലെ ഷെഡിനു സമീപം സുരേന്ദ്രന്‍ പ്രവീണിനെ ജോലിക്കു പോകാന്‍ കാത്തുനില്‍ക്കുമ്പോള്‍ മൊയ്തീന്‍ സുരേന്ദ്രന്റെ യന്ത്രം കൈക്കലാക്കുകയും പ്രവീണിനു നേരെ വീശുകയുമായിരുന്നു. പ്രവീണ്‍ സംഭവസ്ഥലത്തു മരിച്ചു.