'വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം യുപിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍'; സന്ദീപ് വാര്യര്‍

Update: 2025-12-19 15:25 GMT

പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബംഗ്ലാദേശുകാരനാണോയെന്ന് ചോദിച്ചായിരുന്നു ആ മര്‍ദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലക്കുപിടിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതക്കു പിന്നിലെന്നും സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചതെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തില്‍ നിന്ന് രക്ഷിക്കാനും ബിജെപി-ആര്‍എസ്എസ് സംസ്ഥാന-ജില്ല നേതാക്കള്‍ സജീവമായി രംഗത്തുണ്ടെന്നും ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുതെന്നും സന്ദീപ് വാര്യര്‍. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂവെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

അതിഥി തൊഴിലാളി ജോലി തേടി നാലു ദിവസം മുന്‍പായിരുന്നു വാളയാറിലെ അട്ടപ്പള്ളത്തെത്തിയത്. മൂന്നു വര്‍ഷം മുന്‍പേ ഭാര്യ ഉപേക്ഷിച്ചു പോയതോടെ ചില മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണനുണ്ടായിരുന്നു. ബുധന്‍ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാറി(31)നെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാര്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലിസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധന്‍ രാത്രിയോടെ മരിച്ചു.

കിഴക്കേ അട്ടപ്പള്ളം അനന്തന്‍(55), ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം സ്വദേശി കെ ബിബിന്‍(30) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചവരാണ് അഞ്ചു പേരും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പോലിസ് പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

'പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണ്‍ എന്ന യുവാവിനെ തല്ലിക്കൊന്ന വാര്‍ത്ത കേവലം ഒരു 'ആള്‍ക്കൂട്ട ആക്രമണമല്ല'. ഇത് ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണ്.

'നീ ബംഗ്ലാദേശുകാരനാണോ?' എന്ന് ചോദിച്ചായിരുന്നു ആ മര്‍ദ്ദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതയ്ക്കു പിന്നില്‍. സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചത്. ഈ കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണം. ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പിടിയിലായ പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരുടെ ഫോണ്‍ കോളുകള്‍ അടിയന്തരമായി പരിശോധിക്കണം.

ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തില്‍ നിന്ന് രക്ഷിക്കാനും ബിജെപി-ആര്‍എസ്എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുത്. കേരളത്തിന്റെ മണ്ണില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാവണം ഈ കേസ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂ. റാം നാരായണന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. പ്രതികളെയും അവരെ സഹായിക്കുന്ന നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.'

Tags: