വയനാട്ടിലെ കടുവയെ പിടികൂടാനുള്ള ദൗത്യം മുന്നാം ദിനത്തിലേക്ക്

Update: 2025-12-17 06:06 GMT

വയനാട്: കടുവയെ പിടികൂടാനുള്ള ദൗത്യം മുന്നാം ദിനത്തിലേക്ക്. നൂറു പേരടങ്ങുന്ന വനപാലക സംഘം സ്ഥലത്തെത്തി. പ്രദേശത്ത് കനത്ത ജാഗ്രതയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. കടുവയെ കാടുകയറ്റുന്നത് പരാജയപ്പെട്ട സ്ഥിതിക്ക് ആദ്യം കൂടുവെച്ച് പിടികൂടാന്‍ ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാല്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങളായിരിക്കും നടക്കുക.

പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്ന് ജനവാസമേഖലയിലേക്ക് ഇറങ്ങിയ കടുവയെ രണ്ടുദിവസം പിന്നിട്ടിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച പച്ചിലക്കാട് പടിക്കംവയല്‍ പരിസരത്ത് ഉണ്ടായിരുന്ന കടുവ ചൊവ്വാഴ്ച ഒന്നരക്കിലോമീറ്ററോളം മാറി പുളിക്കല്‍ വയലിലെത്തി. ഇവിടെയുള്ള ഉന്നതിക്ക് സമീപമുള്ള ജനവാസ മേഖലയോട് ചേര്‍ന്നുകിടക്കുന്ന നെല്‍പ്പാടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് നിലവില്‍ കടുവയുള്ളതെന്നാണ് നിഗമനം.

കടുവയെ ഇനിയും പിടികൂടാന്‍ കഴിയാത്തതിനാല്‍ തന്നെ പനമരം കണിയാമ്പറ്റ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Tags: