'ജയിച്ച് വരുന്നവരുടെ പേര് നോക്കൂ എന്ന് മന്ത്രി പറയുന്നത് മോദിയും അമിത് ഷായും പയറ്റിയ അതേ തന്ത്രം'; സമസ്ത മുഖപത്രം

എ കെ ബാലനും സജി ചെറിയാനുമെതിരേ സുപ്രഭാതത്തില്‍ വിമര്‍ശനം

Update: 2026-01-20 09:10 GMT

കോഴിക്കോട്: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനേയും സിപിഎം നേതാവ് എ കെ ബാലനേയും വിമര്‍ശിച്ച് സമസ്ത മുഖപത്രം. ഉത്തരേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പയറ്റുന്ന അതേ പ്രചാരണ തന്ത്രമാണ് സിപിഎം നേതാക്കള്‍ പയറ്റുന്നതെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ വിമര്‍ശിച്ചു.

മലപ്പുറത്തും കാസര്‍കോട്ടും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തേയും ആലപ്പുഴയിലേയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണമെന്നും 'ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ' എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മതേതര മലയാളിയെ തോല്‍പ്പിച്ച് തുടര്‍ഭരണത്തിന് കുറുക്കുവഴി തേടുന്നര്‍ നാരായണഗുരുവിനെ ഓര്‍ക്കേണ്ട കാലംകൂടിയാണിതെന്നും ലേഖനത്തില്‍ പറയുന്നു. വെള്ളാപ്പള്ളി വാ തുറക്കുന്നതേ വര്‍ഗീയത വിളമ്പാനാണെന്നും മുഖപ്രസംഗം കൂട്ടിച്ചേര്‍ക്കുന്നു.

'സജി ചെറിയാനേയും എ കെ ബാലനേയും പോലുള്ള സിപിഎം നേതാക്കള്‍ക്ക് ഇത്തരം, വിഷംതീണ്ടല്‍ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കയറിനിന്ന് ഇത്രയും ഉച്ചത്തില്‍ പറയാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉത്തരേന്ത്യയില്‍ നരേന്ദ്രമോദിയും അമിത്ഷായും ഉള്‍പ്പെടേയുള്ള സംഘ്പരിവാര്‍ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ടുതേടിയിറങ്ങിയതെന്ന് ഓര്‍ക്കണം. തിരഞ്ഞെടുപ്പുകളില്‍ പതിവായി ജയിച്ചുവരുന്നുവരുടെ വേഷം നോക്കൂ എന്നാണ് മോദി മുന്‍പ് പറഞ്ഞതെങ്കില്‍ ജയിച്ചുവരുന്നവരുടെ പേര് നോക്കൂ എന്നാണ് കേരളത്തിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇപ്പോള്‍ പച്ചയ്ക്ക് പറയുന്നത്.' സുപ്രഭാതത്തില്‍ പറയുന്നു.

'മതവും സമുദായവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാമെന്നും ആ വോട്ടിലൂടെ അധികാരം നിലനിര്‍ത്താമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ നേതാക്കളോ കരുതുന്നുണ്ടെങ്കില്‍ അതിന് മതേതര കേരളം കനത്ത വില കൊടുക്കേണ്ടി വരും. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലും ജയിച്ചുവന്നവരുടെ പേരെടുത്ത് നോക്കൂ എന്ന് എങ്ങനെയാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് മലയാളികളോട് പറയാന്‍ സാധിക്കുന്നത്', സുപ്രഭാതത്തില്‍ പറയുന്നു.

'കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാന്‍ എന്തുകൊണ്ട് സജി ചെറിയാന്‍ മടിക്കുന്നു. സിപിഎം നേതാക്കളില്‍ പലരും ഒരേ സ്വരത്തില്‍ തുടരെത്തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് യാദൃശ്ചികമല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാവും. ജനാധിപത്യരീതിയില്‍ മല്‍സരിച്ച് ജയിക്കുന്നതിലും തോല്‍ക്കുന്നതിലും ഒരന്തസുണ്ട്. അതിനു പകരം മതത്തെ മറയാക്കി രാഷ്ട്രീയ നേതൃത്വം നടത്തുന്ന നെറിക്കെട്ട പ്രചാരവേലകള്‍ മതേതര കേരളത്തോട് ചെയ്യുന്നത് കൊടുംപാതകമാണെന്ന് പറയാതെ വയ്യ. കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയം വേരുറപ്പിക്കാന്‍ ശ്രമിച്ച കാലത്തൊക്കെ ജീവന്‍നല്‍കിയും അതിനെ ചെറുത്ത ചരിത്രമാണ് സിപിഎമ്മിനുണ്ടായിരുന്നത്. എന്നാല്‍, ആ പ്രതിരോധങ്ങളെ മുഴുവന്‍ റദ്ദുചെയ്യുന്ന നിലപാട് മാറ്റങ്ങള്‍ അടുത്തകാലത്തായി ഇടതുകേന്ദ്രങ്ങളില്‍ നിരന്തരം സംഭവിക്കുന്നത് ഭയാജനകമാണ്. സംഘപരിവാര്‍ നേതാക്കള്‍ വമിപ്പിക്കുന്ന അതേ വിദ്വേഷവാക്കുകള്‍ സിപിഎം നേതാക്കളില്‍ നിന്ന് സമുദായ നേതാക്കളില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്നതും വല്ലാത്ത ദുര്യോഗമാണ്', സുപ്രഭാതത്തില്‍ വിമര്‍ശിക്കുന്നു.

കേരളത്തിലെ മക്കയെന്ന വിളിപ്പേരുള്ള പൊന്നാനിയില്‍ പി നന്ദകുമാറാണ് എംഎല്‍എ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാന്‍ എന്തുകൊണ്ടാണ് സജി ചെറിയാന്‍ മടിക്കുന്നത്. ഇതൊന്നുമറിയാതെയാണോ സാംസ്‌കാരികമന്ത്രി കേരളത്തെ ഹിന്ദുവെന്നും മുസ് ലിമെന്നും ക്രിസ്ത്യനിയെന്നും പേരുനോക്ക് വര്‍ഗീകരിക്കാന്‍ കോപ്പുകൂട്ടുന്നത്. അങ്ങനെയെങ്കില്‍ ഈ അസുഖത്തിന് മതിയായ ചികില്‍സ വേണം. അതല്ലെങ്കില്‍ ഈ വ്യാധി മതേതര കേരളത്തിന്റെ മനസിലേക്കുകൂടി പടരുമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് എന്‍എസ്എസ്-എസ്എന്‍ഡിപി നേതാക്കളുടെ വര്‍ഗീയ വൈരം വളര്‍ത്തുന്ന പ്രസ്താവനയെന്നും പിന്നാലെയാണ് സജി ചെറിയാന്റെ പ്രസ്താവന വരുന്നതും സുപ്രഭാതം ചൂണ്ടിക്കാട്ടി. ഇത് ആസൂത്രിതമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

മലപ്പുറത്തും കാസര്‍കോട്ടും ജയിച്ചവരുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് മനസിലാക്കാം എന്നായിരുന്നു സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയും ലീഗിന് സ്വാധീനമുള്ളിടത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ് വിജയിക്കുന്നത്. കേരളത്തെ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.