'സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിന്റെ വിശ്വാസ്യത തകര്‍ന്നു': കെ ടി ജലീല്‍
തിരൂര്‍: വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും പൊതുജീവിതത്തില്‍ ആദര്‍ശനിഷ്ഠയും കാത്തു സൂക്ഷിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തില്‍ വിശ്വാസ്യത തകര്‍ന്നു പോയെന്ന് ഡോ. കെ ടി ജലീല്‍ എംഎല്‍എ. അനീതികള്‍ക്കെതിരേയുള്ള നിരന്തരമായ പോരാട്ടത്തിന്റെ വിസ്മയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അത്തരത്തിലുള്ള മഹിതനായ ഒരു നേതാവിനെ നഷ്ടപ്പെട്ടതാണ് ലീഗിന്റെ ഏറ്റവും വലിയ നിര്‍ഭാഗ്യം.
നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ ടി ജലീല്‍. നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അനുസ്മരണ പ്രഭാഷണം നടത്തി. എന്‍ കെ അബ്ദുല്‍ അസീസ്, ജെയിംസ് കാഞ്ഞിരത്തിങ്കല്‍, ശ്രീനിവാസന്‍ പിമ്പുറത്ത്, മൊയ്തീന്‍ കുട്ടി ഹാജി താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് കെ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി പി കെ എസ് മുജീബ് ഹസന്‍ സ്വാഗതവും വി കെ യൂസുഫ് നന്ദിയും പറഞ്ഞു.