ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ: വി ഡി സതീശന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള മറക്കാനുള്ള ശ്രമമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു പൊലീസുകാരന്‍ വിചാരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും എന്നാല്‍ അവരത് ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിഷയം മാറ്റിവെച്ച് വേറെ വിഷയം ചര്‍ച്ച ചെയ്യണം അതിനായിരുന്നു ഇതെല്ലാം എന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ അറസ്റ്റില്‍ ആയവരെ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകള്‍ ഉണ്ട്. അവരെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്നില്‍ വന്‍ തോക്കുകള്‍ ഉണ്ടെന്നും സതീശന്‍ പറഞ്ഞു. മുന്‍ ദേവസ്വം മന്ത്രി, ഇപ്പോഴത്തെ ദേവസ്വം മന്ത്രി, ദൈവതുല്യനായ ആളെന്ന് പത്മകുമാര്‍ വിശേഷിച്ചവരുള്‍പ്പെടെ എല്ലാ വന്‍ തോക്കുകളും ഇതിനകത്തുണ്ടെന്നും ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വി ഡി സതീശന്‍ പറഞ്ഞു.