കോന്നി ആനക്കൊട്ടിലില്‍ കുട്ടി മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി

Update: 2025-04-18 09:55 GMT

പത്തനംതിട്ട: കോന്നി ആനക്കൊട്ടിലില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി തലയിലേക്കു വീണ് കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. അപകട സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചില്ലെന്നു മന്ത്രി പറഞ്ഞു. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് അപകടം സംബന്ധിച്ച അടിയന്തിര റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടികളിലേക്കു കടക്കുമെന്നാണ് സൂചന.

അടൂര്‍ കടമ്പനാട് സ്വദേശികളുടെ മകന്‍ അഭിരാമാണ്‌ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി തലയിലേക്കു വീണ് മരിച്ചത്. കോന്നി ആനക്കൊട്ടിലിലാണ് സംഭവം. സന്ദര്‍ശനത്തിനിടെ ഫോട്ടോ എടുക്കാന്‍ നില്‍ക്കവെ തൂണ്‍ ഇളകി കുഞ്ഞിനു മീതെ വീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags: