സ്‌കൂള്‍ കുട്ടികള്‍ക്ക് പത്ര കടലാസില്‍ ഉച്ചഭക്ഷണം നല്‍കിയ സംഭവം; 'പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇതു കണ്ട് ലജ്ജിക്കണം'- രാഹുല്‍ ഗാന്ധി

Update: 2025-11-08 13:13 GMT

ഷിയോപൂര്‍: മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പത്ര കടലാസില്‍ നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ഭാവിയായ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഒരു പ്ലേറ്റ് പോലുമില്ല. മധ്യപ്രദേശ് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഓര്‍ത്ത് ലജ്ജയാണ് തോന്നുന്നതെന്ന് രാഹുല്‍ ഗാന്ധി. 20 വര്‍ഷത്തിലേറെയായ ബിജെപി ഭരണത്തില്‍ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മധ്യപ്രദേശില്‍ മോഷ്ടിക്കപ്പെട്ടു. തന്റെ ഹൃദയം തകര്‍ന്നുപോയെന്നും രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സില്‍ കുറിച്ചു.

'ബിജെപിയുടെ വികസനം' വെറും മിഥ്യയാണെന്നും പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന്റെ യഥാര്‍ത്ഥ രഹസ്യം 'വ്യവസ്ഥ' ആണെന്നും താന്‍ ഇന്നു തന്നെ മധ്യപ്രദേശിലേക്ക് പോകുകയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.