തിരുവനന്തപുരം: 30മത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) നാളെ തലസ്ഥാനത്ത് തുടക്കമാവും. ഏഴു ദിവസം നീളുന്ന മേളയില്‍ 26 വിഭാഗങ്ങളിലായി 70ഓളം രാജ്യങ്ങളില്‍ നിന്നുള്ള 206 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. മേളയുടെ മുപ്പതാം പതിപ്പിനെ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏകദേശം മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.
മേളയുടെ ഉദ്ഘാടനചിത്രമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ഫലസ്തീന്‍ ചിത്രം '36' പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ ജേതാവായ ഈ ചിത്രം, ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും ജെറുസലേമിലെ കലാപസാഹചര്യങ്ങളും ആസ്പദമാക്കിയാണ് രചിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരായ ഫലസ്തീന്‍ കലാപം ആരംഭിച്ച വര്‍ഷത്തെയാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിക്കുന്നത്.
വനിതാ സംവിധായകരുടെ സിനിമകള്‍, ലാറ്റിന്‍ അമേരിക്കന്‍ പാക്കേജ്, ഋത്വിക് ഘട്ടക്കിനു സമര്‍പ്പിച്ച ഹോമേജ് പാക്കേജ്, സയിദ് മിര്‍സയുടെ ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, സുവര്‍ണ ചകോരം ജേതാക്കളുടെ സിനിമകള്‍, ലൈഫ് ടൈം അച്ചീവ്‌മെന്റ് ജേതാക്കളുടെ കൃതികള്‍, ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീന്‍ ചിത്രങ്ങള്‍, ആനിമേഷന്‍ വിഭാഗം, 'കണ്‍ട്രി ഇന്‍ ഫോക്കസ്'വിയറ്റ്‌നാം, റിസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗറിന്‍ ന്യുഗ്രഹോയുടെ കൃതികള്‍, പാതിരാത്രി പ്രദര്‍ശനങ്ങള്‍, ലോക സിനിമ, ഇന്ത്യന്‍ സിനിമ, മല്‍സര വിഭാഗം എന്നിവയിലായി വിപുലമായ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും.
ഡെലിഗേറ്റ് പാസുകളും കിറ്റുകളും ഇന്ന് രാവിലെ 11 മുതല്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ഡെലിഗേറ്റുകള്‍ ഈ വര്‍ഷം പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
