'പ്രകടനപത്രികയില്‍ പറയുന്നതെല്ലാം നടപ്പിലാക്കും എന്നതാണ് ഗ്യാരണ്ടി'; എം വി ഗോവിന്ദന്‍
കണ്ണൂര്‍: എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നതെല്ലാം നടപ്പിലാക്കും എന്നതാണ് ഗ്യാരണ്ടിയെന്നും നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ പ്രോഗ്രസ് റിപോര്‍ട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സര്‍ക്കാരാണ് എല്‍ഡിഎഫിന്റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫിന് വേണ്ടി നടത്തിയ സര്‍വേ പോലും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് പറയേണ്ടിവരുന്ന പുതിയ സാഹചര്യമാണ് യഥാര്‍ഥത്തില്‍ കേരളത്തിലുള്ളത്. എല്‍ഡിഎഫ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളത്തില്‍ ദാരിദ്ര്യംതന്നെ അവസാനിപ്പിക്കും എന്നതാണ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമെല്ലാം കോണ്‍ഗ്രസും ബിജെപിയുമൊക്കെ കാലാകാലം പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. അതൊന്നും നടപ്പിലാക്കുന്ന പരിപാടികളായിട്ടല്ല പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് അവര്‍തന്നെ എല്ലാക്കാലത്തും പറഞ്ഞിട്ടുള്ളതാണ്. ഗരീബി ഹഠാവോ എന്ന് കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി പറയുകയാണ്. ഒന്നും നടക്കുന്ന കാര്യമല്ല. പ്രകടന പത്രികയിലെ കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ നടപ്പിലാക്കുന്നത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് അതിന്റെ ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കും എന്നുള്ളത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉന്നമാണ്. പഠിച്ചിറങ്ങുന്ന ഓരോരുത്തര്‍ക്കും തൊഴില്‍ നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് നടപ്പാക്കാന്‍ പോവുകയാണ്. ജോലിയില്ലാതിരിക്കുന്ന സ്ത്രീകളില്‍ അന്‍പതുശതമാനത്തിലധികം ആളുകള്‍ക്ക് ജോലിനല്‍കാന്‍ പോവുകയാണ്. ക്ഷേമപെന്‍ഷന്‍ 3,000 ആക്കി വര്‍ധിപ്പിക്കാന്‍ പോവുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത് 600 രൂപ ആയിരുന്നുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
നവകേരള പൂര്‍ത്തീകരണത്തിനായി ജനവിധി തേടുന്ന എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടര്‍ച്ചക്കുള്ള 60 ഇന പരിപാടിയും 950 നിര്‍ദേശങ്ങളുമാണുള്ളത്. കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടനപത്രിക പ്രകാശനം നിര്‍വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സിപിഐ നേതാവ് കെ പ്രകാശ്ബാബു, കെ കൃഷ്ണല്‍കുട്ടി, എ കെ ശശീന്ദ്രന്‍, സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

