സാങ്കേതികവിദ്യയുടെ വളര്‍ച്ച കുറ്റകൃത്യങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു; ഡിജിറ്റല്‍ കുറ്റകൃത്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ ഇരകളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. ഭാരതീയ ന്യായ സംഹിത, 2023 (ബിഎന്‍എസ്) ന്റെ വിവിധ വകുപ്പുകള്‍, 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ 67എ എന്നിവ പ്രകാരം എടുത്ത കേസിലെ പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച കുറ്റകൃത്യങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് അജയ് ഭാനോട്ടിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഒരു വ്യക്തിയുടെ മോശം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് അയാളുടെ ജീവിതം നശിപ്പിക്കുമെന്നത് കഠിനമായ സാമൂഹിക യാഥാര്‍ഥ്യമാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാട്‌സ്ആപ്പ് വഴി ഒരു സ്ത്രീയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് 2025 ജനുവരിയിലാണ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2025 ഏപ്രിലില്‍ വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതിയുടെ പക്കല്‍ നിന്നു ചില നിര്‍ണായക ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അവ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളാനുള്ള വിചാരണക്കോടതിയുടെ തീരുമാനം ശരിവച്ചു. എന്നിരുന്നാലും, നീതി നോക്കിയും കുറ്റകൃത്യത്തിന്റെ സ്വഭാവവും കണക്കിലെടുത്ത്, കേസിലെ വിചാരണ എത്രയും വേഗം അവസാനിപ്പിക്കണമെന്നും കോടതി അറിയിച്ചു.
