കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുകള്‍ കരിഞ്ഞുണങ്ങി നശിച്ച നിലയില്‍
ഇന്ത്യന്‍ സൂപര്‍ ക്രോസ് സംഘാടകര്‍ കരാര്‍ പാലിച്ചില്ലെന്ന് പരാതി, പൂര്‍വസ്ഥിതിയിലാക്കുമെന്ന് മേയര്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുകള്‍ കരിഞ്ഞുണങ്ങി. ഇന്ത്യന്‍ സൂപര്‍ ക്രോസ് ലീഗ് ഗ്രാന്‍ഡ് ഫിനാലേക്കു ശേഷം പുല്‍മൈതാനം നശിച്ച നിലയിലാണ്. സൂപര്‍ ക്രോസ് സംഘാടകര്‍ കരാര്‍ പാലിച്ചില്ലെന്നാണ് പരാതി. 800 ടണ്ണോളം മണ്ണ് നിരത്തിയാണ് ട്രാക്ക് നിര്‍മിച്ചത്. ഡെപ്പോസിറ്റ് തുകയായ 25 ലക്ഷം കൊണ്ട് മൈതാനം പഴയപടിയാക്കാന്‍ കഴിയില്ലെന്നാണ് നിഗമനം.
സൂപര്‍ ക്രോസ് ബൈക്ക് റേസിനു പിന്നാലെ ഉണങ്ങി നശിച്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം പൂര്‍വസ്ഥിതിയിലാക്കുമെന്ന് കരാറു കമ്പനി ഉറപ്പു നല്‍കിയെന്ന് മേയര്‍. ഈ മാസം പതിനഞ്ചിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കും. അതേസമയം സ്റ്റേഡിയം വിട്ടുനല്‍കയതിനു പിന്നില്‍ അഴിമതിയെന്നാണ് പ്രതിപക്ഷ ആരോപണം. മൈതാനം തകരാന്‍ കാരണം ഭരണ പക്ഷത്തിന്റെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സൂപര്‍ ക്രോസ് മല്‍സരങ്ങള്‍ക്കായി ഡിസംബര്‍ 15നാണ് കോര്‍പറേഷന്‍ സ്റ്റേഡിയം വിട്ടുകൊടുത്തത്. ബൈക്ക് റേസ് മല്‍സരത്തിനായി പലകവിരിച്ച് 800 ടണ്ണോളം മണ്ണിട്ട് ഉറപ്പിച്ചതോടെയാണ് പുല്‍മൈതാനം ഉണങ്ങി കരിഞ്ഞ് കുണ്ടും കുഴിയുമായത്. ജനുവരി 10നു തന്നെ ഗ്രൗണ്ട് പഴയപടിയാക്കി കോര്‍പറേഷന് തിരികെ നല്‍കാമെന്നായിരുന്നു സൂപര്‍ ക്രോസ് മല്‍സരങ്ങളുടെ സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, മല്‍സരങ്ങള്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും ഗ്രൗണ്ട് പഴയപടിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.