പ്രളയത്തേക്കാള്‍ സര്‍ക്കാരിന് കണ്ണ് കരിമണലില്‍: പ്രളയം മനുഷ്യ നിര്‍മിതമാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

Update: 2026-04-08 06:51 GMT

ഇടുക്കി: 2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍. 2018ലെ പ്രളയത്തിന്റെ ഉത്തരവാദിത്തം ജലവിഭവവകുപ്പിനും മന്ത്രിയായിരുന്ന മാത്യു ടി തോമസിനുമാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. പ്രളയത്തിന് കാരണം ജലവിഭവവകുപ്പിന്റെ വീഴ്ചയെന്നും സ്പില്‍വേയിലെ മണ്ണെടുപ്പിനായി വെള്ളം തുറന്നുവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരിമണല്‍ ഖനനത്തിനാണ് മുന്‍ഗണന നല്‍കിയത്. മഴപെയ്ത് മണ്ണ് പോയാലെന്താണെന്നും കുഴല്‍നാടന്‍ ചോദിച്ചു.

പ്രളയ വിഷയത്തില്‍ സിപിഎം ബിജെപി ഡീല്‍ നടന്നെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കേരളത്തില്‍ തീവ്രമഴപെയ്യുമെന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. അക്കാര്യം സുരേഷ്‌ഗോപി പോലും ഇപ്പോള്‍ മിണ്ടുന്നില്ലെന്നും കുഴല്‍നാടന്‍ ആരോപിച്ചു. 2019 മെയ് 31ന് ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ മാത്യു കുഴല്‍നാടന്‍ പുറത്ത് വിട്ടു. മഴയെത്തും മുന്‍പേ തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി. പ്രളയത്തേക്കാള്‍ സര്‍ക്കാരിന് കണ്ണ് കരിമണലില്‍ എന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് 2018ല്‍ കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്നും പിണറായി സര്‍ക്കാരാണ് ഉത്തരവാദിയെന്നും ആരോപിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയത്. കെ കൃഷ്ണന്‍കുട്ടി പാര്‍ട്ടിയിലെ നേതാവുമായി സംസാരിക്കുന്ന ശബദ്‌സന്ദേശവും കുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു. 2018ലെ മഹാപ്രളയം പ്രകൃതിക്ഷോഭം എന്നതിലുപരി സര്‍ക്കാരിന്റെയും പ്രത്യേകിച്ചും കരിമണല്‍ ലോബിയുടെയും സാമ്പത്തിക ലാഭത്തിനായി സൃഷ്ടിച്ച ഒന്നാണെന്നാണ് കുഴല്‍നാടന്റെ വാദം. പുറത്തുവിട്ട ശബ്ദരേഖ വ്യാജമെങ്കില്‍ നടപടിയെടുക്കട്ടെയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു.

Tags: