മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ 26ന്

ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ടിന് കുന്നംമ്പറ്റയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം നിര്‍വഹിക്കും

Update: 2026-02-19 12:40 GMT

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ടിന് മേപ്പാടി പഞ്ചായത്തിലെ കുന്നംമ്പറ്റയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിര്‍വഹിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

ഒരു വീടിന് 1,100 സ്‌ക്വയര്‍ ഫീറ്റ്. ഏഴാം ചിറയില്‍ അഞ്ചേക്കര്‍ സ്ഥലം കൂടി കെപിസിസി കണ്ടത്തി. 5.42 ഏക്കറിലായിട്ടാണ് 50 വീടിന്റെ നിര്‍മ്മാണം നടക്കുക. എത്രയും പെട്ടെന്ന് 50 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ആറുമാസം കൊണ്ട് വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മൂന്നര ഏക്കര്‍ സ്ഥലം വാങ്ങിയതിന് മൂന്നു കോടി രൂപ ചെലവായി. ഒരു വീട് നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് വീട് നിര്‍മാണത്തിനായി ഒരു കോടി രൂപ നല്‍കി. ഒരു വീടിന്റെ ഉടമയ്ക്ക് എട്ട് സെന്റ് സ്ഥലം നല്‍കും. 3.24 ഏക്കര്‍ സ്ഥലമാണ് രജിസ്റ്റര്‍ ചെയ്തത്. 2.18 ഏക്കര്‍ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഈ ആഴ്ചയില്‍ നടക്കും.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ഒഴിവാക്കിയ ആളുകളായിരിക്കും ഗുണഭോക്താക്കള്‍. ദുരന്തത്തില്‍പ്പെട്ട കച്ചവട സ്ഥാപനങ്ങളുടെ 40 ഉടമകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഇവര്‍ പ്രിയങ്കഗാന്ധിയെ നേരില്‍കണ്ട് അവരുടെ പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്കഗാന്ധിയുടെ സഹായം.

ദുരിതബാധിതരായ ആളുകള്‍, പാടിയില്‍ താമസിച്ചിരുന്നവര്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട ദുരിതബാധിതര്‍ എന്നിവരാണ് വീടിന്റെ ഗുണഭോക്താക്കള്‍. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണിന്റെ ഘടനാ പരിശോധന പൂര്‍ത്തിയായി. നിര്‍മ്മാണ പ്രദേശത്തെ നീരൊഴുക്ക് സംബന്ധിച്ച പഠനം കഴിഞ്ഞു. എന്‍വയോണ്‍മെന്റ് എഞ്ചിനീയറിങ് ഉള്‍പ്പെടേയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയുള്ള വീടുകളായിരിക്കും കൈമാറുക. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ കൊണ്ടുവന്ന ഇളവുകള്‍ കോണ്‍ഗ്രസ് ഭൂമി ഏറ്റെടുത്തപ്പോള്‍ ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.