തിരുവനന്തപുരം: ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു ഈ ഘട്ടത്തിലെ സര്‍വേ നടന്നത്. വന്യമൃഗങ്ങളുടെ മുന്നില്‍ അകപ്പെടാതെയും കാട്ടില്‍ നടവഴികള്‍ തെളിച്ചുമൊക്കെയാണ് ഉദ്യോഗസ്ഥര്‍ സെന്‍സസിനായി ഇറങ്ങിയത്. എന്നാല്‍ സെന്‍സസിനിടെ ഒരു ഉദ്യോഗസ്ഥന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ദാരുണമായ സംഭവവുമുണ്ടായി.
37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു സര്‍വേയുടെ തുടക്കം. ഡിസംബര്‍ ഒന്നിന് തുടങ്ങി ഏപ്രില്‍ ഒന്നിന് അവസാനിക്കുന്ന കടുവകളുടെ കണക്കെടുപ്പില്‍, ആദ്യ ഘട്ടത്തില്‍ കടുവയുടെ കാഷ്ഠം, കാല്‍പ്പാട്, ടെറിട്ടറി അടയാളപ്പെടുത്തിയ മരത്തിലെ മാന്തലുകള്‍ എന്നിവയായിരുന്നു പ്രധാനമായും തിരഞ്ഞത്. കടുവകളുടെ ഇരകളുടെ സാന്നിധ്യവും നിരീക്ഷണ വിധേയമാക്കി.
കടുവ കണക്കെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളെല്ലാം പ്രത്യേകമായി തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തി. ഈ ഡാറ്റകളുടെ വിശകലനമാണ് രണ്ടാം ഘട്ടം. ഇതിന് ശേഷം നടക്കുന്ന മൂന്നാം ഘട്ടമായ ക്യാമറ ട്രാപ്പിങിലൂടെ ഓരോ കടുവകളെയും വ്യക്തിഗതമായി തിരിച്ചറിയാനും അവയുടെ പ്രായം കണക്കാക്കാനും സാധിക്കും. പ്രായം ചെന്ന കടുവകളുടെ എണ്ണം, അവ കാടിറങ്ങാനുള്ള സാധ്യത തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ക്രോഡീകരിക്കാനും അതുവഴി ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും ഈ കണക്കെടുപ്പ് സഹായിക്കും.