'കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാര്‍ട്ടിയെ തകര്‍ക്കാന്‍ നില്‍ക്കുന്ന ആളുകളോടൊപ്പം പോകരുതായിരുന്നു'; കെ എന്‍ ബാലഗോപാല്‍

ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍

Update: 2026-01-15 16:50 GMT

കൊല്ലം: ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കൊട്ടാരക്കര എംഎല്‍എയും ധനകാര്യ മന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍. കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാര്‍ട്ടിയെ തകര്‍ക്കാന്‍ നില്‍ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവ ദുഖമുണ്ട്. കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു. പാര്‍ട്ടി വിട്ടതില്‍ പിന്നീട് അയിഷാ പോറ്റി വിഷമിക്കേണ്ടി വരുമെന്നും വ്യക്തിപരമായി തനിക്ക് ദേഷ്യമില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്. അവര്‍ കൂടി പ്രവര്‍ത്തിച്ചല്ലേ ജനപ്രതിനിധിയാകുന്നത്. ഇപ്പോള്‍ പോയതില്‍ പിന്നീട് അവര്‍ക്ക് വിഷമമുണ്ടാകും. ഇടതുപക്ഷവും പാര്‍ട്ടിയും അവര്‍ക്കായി പ്രവര്‍ത്തിച്ചത് കാണേണ്ടതായിരുന്നു. എന്തിനാണ് ഇത്തരമൊരു മാറ്റമെന്ന കാര്യത്തില്‍ സഖാക്കള്‍ക്കും നാട്ടുകാര്‍ക്കും വലിയ സംശയമുണ്ടെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആദരിക്കപ്പെടുന്ന ഒരു പദവിയാണെന്നും, മഹിളാ അസോസിയേഷനിലും ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെമിനാറുകളിലും അവര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുറച്ചു നാളുകളായി തനിക്ക് സുഖമില്ലെന്നു പറഞ്ഞ് പരിപാടികളുടെ നോട്ടീസുകളും മറ്റും നോക്കാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ താന്‍ പങ്കുവെക്കുന്നില്ലെങ്കിലും, ഈ മാറ്റം രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ മനസ്സില്‍ വലിയ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: