'മുറിയിലുള്ളത് നേരത്തേ ഉണ്ടായിരുന്ന ഉപകരണം': ഡോ. ഹാരിസ് ചിറക്കല്‍

Update: 2025-08-08 09:30 GMT

തിരുവനന്തപുരം: തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയച്ച നെഫ്രോസ്‌കോപ്പ് ആയിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി. കെജിഎംസിടിഎ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ഹാരിസിന്റെ പ്രതികരണം.

''കേടു വന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമാണ് മുറിയില്‍ ഉണ്ടായിരുന്നത്. റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. അത് പറ്റാത്തതിനാല്‍, ഇതോടെ ഉപകരണങ്ങള്‍ മടക്കി അയക്കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ വന്ന ഉപകരണങ്ങളാണ് അവ'' ഹാരിസ് ചിറക്കല്‍ പറഞ്ഞു.

നേരത്തേ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഉപകരണം കണ്ടെത്തിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി കെ ജബ്ബാര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.സിസിടിവി പരിശോധിച്ചുവെന്നും മുറിക്കുള്ളില്‍ ആരോ കടന്നതായി കണ്ടെന്നും പി കെ ജബ്ബാര്‍ പറഞ്ഞിരുന്നു. ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന സംശയവും പ്രിന്‍സിപ്പല്‍ പ്രകടിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതോടെയാണ് ഉപകരണം കാണാതാവുന്നത് സംബന്ധിക്കുന്ന വിവിധ കഥകളുടെ തുടക്കം. അത്തരത്തില്‍ ഒരു ഉപകരണം കാണാതായിട്ടില്ലെന്ന് ഹാരിസ് ചിറക്കല്‍ പറഞ്ഞതോടെ ഇക്കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്കും ചര്‍ച്ചയിലേക്കും നീങ്ങുകയായിരുന്നു.

Tags: