പാലക്കാട് വിക്ടോറിയ കോളജിലെ മെറ്റിരീയല്‍ സ്‌ട്രോങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റി
പാലക്കാട്: വിക്ടോറിയ കോളജിലെ മെറ്റിരീയല്‍ സ്‌ട്രോങ് റൂം ഇന്ന് തുറക്കില്ല. സ്‌ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം നടപടി നിര്‍ത്തിവച്ചു. തുറക്കാന്‍ തീരുമാനിച്ചത് മെറ്റീരിയല്‍ സ്‌ട്രോങ് റൂം ആണെന്നും ഇവിഎം സ്‌ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി വിശദീകരിച്ചു. സ്‌ട്രോങ്ങ് റൂം ഇന്ന് തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു.
ഇവിഎമ്മുകളുള്ള സ്‌ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയല്‍ സ്‌ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതില്‍ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. വെബ്സൈറ്റില്‍ വോട്ട് സംബന്ധിച്ച കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഫോം 17A എടുക്കുന്നതിനാണ് റൂം തുറക്കാന്‍ തീരുമാനിച്ചത്. നിലവില്‍ മെറ്റീരിയല്‍ സ്‌ട്രോങ്ങ് റൂം തുറക്കുന്നത് നിര്‍ത്തിവച്ചു. മെറ്റീരിയല്‍ സ്‌ട്രോങ്ങ് റൂം സീല്‍ ചെയ്ത ഒന്നല്ലെന്നും ഇവിഎം റൂമിനോട് ചേര്‍ന്ന് കിടക്കുന്ന ഒന്നായതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നും കളക്ടര്‍ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ മാത്രമേ റൂം തുറക്കൂ എന്നും കളക്ടര്‍ ഉറപ്പുനല്‍കി. സ്‌ട്രോങ്ങ് റൂം തുറക്കുന്ന കാര്യത്തില്‍ കമ്മീഷന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ തങ്കപ്പന്‍ ആരോപിച്ചു. നേരത്തെ കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ട്രോങ്ങ് റൂം അനുമതിയില്ലാതെ തുറന്നത് വലിയ വിവാദമായിരുന്നു.