'വെള്ളാപ്പള്ളിക്ക് പത്മഭൂഷന്‍ നല്‍കിയ തീരുമാനം പിന്‍വലിക്കണം'; രാഷ്ട്രപതിക്ക് നിവേദനം
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ പുരസ്‌കാരം നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാറാണ് നിവേദനം നല്‍കിയത്.
രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നല്‍കുന്ന പത്മഭൂഷന്‍ പുരസ്‌കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ പുരസ്‌കാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. തട്ടിപ്പ് അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളിക്ക് പത്മഭൂഷന്‍ പുരസ്‌കാരം നല്‍കുന്നത് അനീതിയെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ദരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ലഭിക്കേണ്ട വായ്പകളില്‍ തിരിമറി കാട്ടിയതിന്റെ പേരില്‍ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട വായ്പതുകകള്‍ നഷ്ടപ്പെടുന്നതിന് കാരണക്കാരനായ കുറ്റവാളിയാണ് ഇവിടെ പദ്മപുരസ്‌കാരം നല്‍കി ആദരിക്കപ്പെട്ടിരിക്കുന്നത്. ഒരു കൊലപാതക കേസ് ഉള്‍പ്പടെ 127 ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട, നിലവില്‍ 21 കേസുകള്‍ കുറ്റപത്രം നല്‍കുന്ന ഘട്ടത്തിലായ വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി പുരസ്‌ക്കാരം നല്‍കുന്നത് ഇതിനകം പദ്മ പുരസ്‌കാരം നേടിയവരോട് കാട്ടുന്ന അനാദരവാണ്-അനീതിയാണ്. സംസ്ഥാന സര്‍ക്കാരിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലാണ് ഇദ്ദേഹത്തിനെതിരായുള്ള ക്രിമിനല്‍ കേസ് നടപടികള്‍ നീട്ടി കൊണ്ട് പോകുന്നതെന്നും ആരോപണമുണ്ട്.
