ഇന്ത്യയിലെ അമ്മമാര്‍ ആണ്‍മക്കളെ കാണുന്നത് രാജാക്കന്‍മാരെപോലെയെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

അഞ്ചു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ മകനും മാതാവും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി

Update: 2025-12-26 10:32 GMT

പഞ്ചാബ്: മക്കളെ അമ്മമാര്‍ അന്ധമായി സ്‌നേഹിക്കുകയാണെന്ന് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിക്കവെയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ പരാമര്‍ശം. ഇന്ത്യയില്‍ അമ്മമാര്‍ ആണ്‍മക്കള്‍ എത്ര ദുഷ്ടമാന്‍മാര്‍ ആണെങ്കിലും അവരെ രാജാക്കന്‍മാരായാണ് കാണുന്നതെന്ന് കോടതി നിരീക്ഷിച്ചു.

അഞ്ചു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ മകനും മാതാവും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. തന്റെ മകന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയപ്പോള്‍ അത് പോലിസില്‍ ചെന്നു പറയുന്നതിനു പകരം മകനെ സംരക്ഷിക്കാനാണ് മാതാവ് മുതിര്‍ന്നതെന്നും കോടതി പറഞ്ഞു. മറിച്ച് ആ മാതാവ് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമായിരുന്നെന്നും കോടതി പറഞ്ഞു.

2018 മെയ് 31നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ കൂടെ സഹായിയായി ജോലി ചെയ്യുകയായിരുന്ന യുവാവ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം അടുക്കളയിലെ വീപ്പയില്‍ ഒളിപ്പിച്ചു. കുട്ടിയെ കാണാതെ വന്നതോടെ നടന്ന തിരച്ചിലില്‍ സമീപവാസി പറഞ്ഞതനുസരിച്ചാണ് പോലിസ് ഇയാളുടെ വീട്ടിലെത്തിയത്. എന്നാല്‍ യുവാവിന്റെ മാതാവ് പോലിസിനെ വീട്ടിലേക്ക് കടക്കാന്‍ സമ്മതിച്ചില്ലെന്നു മാത്രമല്ല, മകന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറയുകയുമായിരുന്നു. സംഭവത്തില്‍ കോടതി യുവാവിന് 30 വര്‍ഷം തടവും മാതാവിന് ഏഴു വര്‍ഷം തടവും വിധിച്ചു.

Tags: