ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ കടുത്ത ചൂട് പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ജിതേന്ദ്ര സിങ് മുന്നറിയിപ്പ് നല്‍കി. ചൂട് ഒരു പാരിസ്ഥിതിക പ്രശ്‌നം മാത്രമല്ല, പകര്‍ച്ചവ്യാധികളും പകര്‍ച്ചേതര രോഗങ്ങളും വര്‍ധിക്കാന്‍ കാരണമാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെങ്കിപ്പനി പോലുള്ള രോഗങ്ങളില്‍ നിന്ന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരെ ഉയര്‍ന്ന ചൂട് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉഷ്ണസംബന്ധമായ അസുഖങ്ങളും ജീവിതശൈലി രോഗങ്ങളും ഒരേസമയം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നാച്ചുറല്‍ റിസോഴ്‌സ് ഡിഫന്‍സ് കൗണ്‍സില്‍ സംഘടിപ്പിച്ച 'ഗ്ലോബല്‍ ഹീറ്റ് ആന്‍ഡ് കൂളിങ് ഫോറം' പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ചൂടിനെ പ്രതിരോധിക്കാന്‍ ആരോഗ്യ നിര്‍ദേശങ്ങള്‍
രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ നേരിട്ട് വെയിലത്ത് നില്‍ക്കുന്നത് ഒഴിവാക്കുക.
അയഞ്ഞതും ഇളം നിറമുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, ചെരിപ്പ് എന്നിവ ഉപയോഗിക്കുക.
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. യാത്രയില്‍ വെള്ളക്കുപ്പി കരുതുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
കുട്ടികള്‍ക്ക് ഇടയ്ക്കിടെ വെള്ളം നല്‍കണം.
മോര്, നാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം തുടങ്ങിയ ദ്രാവകങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക.
തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ള ജലാംശം കൂടുതലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
വീടുകളില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ വാതിലുകളും ജനലുകളും തുറന്നിടുക.
ശുചിത്വമുള്ള ഇടങ്ങളില്‍ നിന്നുള്ള പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.
ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുള്ളതാണെന്ന് ഉറപ്പാക്കണം.
