അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി മഹാരാഷ്ട്ര രാഷ്ട്രീയം

Update: 2026-01-28 05:12 GMT

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളെയാണ് ദുരന്തം കവര്‍ന്നെടുത്തത്. 2024 ഡിസംബര്‍ 5 മുതല്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിര്‍ന്ന എന്‍സിപി നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1959 ജൂലൈ 22-ന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ദേവലാലി പ്രവാറയില്‍ അനന്തറാവു പവാറിന്റെയും അശാതായി പവാറിന്റെയും മകനായി ജനിച്ച അജിത് പവാര്‍ 1982ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര എഡ്യുക്കേഷന്‍ സൊസൈറ്റി ഹൈസ്‌കൂളില്‍ നിന്ന് നേടിയ എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടര്‍പഠനത്തിനായി കോളേജില്‍ പോയെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല.

1982-ല്‍ പൂനെയി സഹകരണ മേഖലയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1991-ല്‍ പൂനെ ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായി 16 വര്‍ഷം സേവനമനുഷ്ഠിച്ചു. അതേ വര്‍ഷം ബരാമതി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ശരദ് പവാറിന് സീറ്റ് വിട്ടുകൊടുത്തു.

1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1995, 1999, 2004, 2009, 2014 എന്നീ വര്‍ഷങ്ങളിലും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചു ഏഴ് തവണ എംഎല്‍എയായി.1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് മന്ത്രിയായി.

മഹാരാഷ്ട്രയില്‍ ഏറ്റവും കുടുതല്‍ തവണ ഉപമുഖ്യമന്ത്രിയായും അജിത് പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറ് തവണയാണ് അദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 2019-ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേര്‍ന്ന് 80 മണിക്കൂര്‍ മാത്രം ഉപമുഖ്യമന്ത്രിയായി. 2023-ല്‍ എന്‍സിപി പിളര്‍ന്ന് ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയോടെ ശരദ് പവാറിനെതിരെ നീങ്ങി. തുടര്‍ന്ന് ബിജെപി-ഷിന്‍ഡെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു. 29 എംഎല്‍എമാര്‍ക്കൊപ്പം ശിവസേന സര്‍ക്കാരിനൊപ്പം ചേര്‍ന്നത്. 2024 ഡിസംബര്‍ മുതല്‍ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിലാണ് ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ (66) കൊല്ലപ്പെട്ടത്. ബാരാമതി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ വിമാനം തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു. രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. ബാരാമതിയില്‍ ചില പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

Tags: