'ചെന്നിത്തലയിലെ കോണ്‍ഗ്രസ് വഞ്ചിച്ചു, കരാര്‍ പ്രകാരമുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയില്ല'; കോണ്‍ഗ്രസ് നേതാവ് രാജിവച്ചു
തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മന്‍തറയില്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു
ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മന്‍തറയില്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന് രാജിക്കത്ത് കൈമാറി. ചെന്നിത്തലയിലെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും കരാര്‍ പ്രകാരമുള്ള വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയില്ലെന്നും ആരോപിച്ചാണ് ഷിബു കിളിയമ്മന്‍തറയുടെ രാജി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കാനാണ് തീരുമാനമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷിബു വ്യക്തമാക്കി.
2020ലെ തിരഞ്ഞെടുപ്പില്‍ ജില്ലാ കമ്മിറ്റിയുടെ വിപ്പ് സ്വീകരിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചിരുന്നു. പിന്നീട്, വൈസ് പ്രസിഡന്റ് സ്ഥാനം വിഭജിച്ച് നല്‍കാനുള്ള കരാറുണ്ടാക്കുകയായിരുന്നു. പക്ഷെ, അവസാന ഒന്നര വര്‍ഷത്തേക്ക് വൈസ് പ്രസിഡന്റാക്കാമെന്ന കരാര്‍ പാര്‍ട്ടി നടപ്പാക്കിയില്ല. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി ഷിബു നേതാക്കള്‍ക്ക് കത്തു നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് അടുത്തയാള്‍ക്ക് സ്ഥാനം കൈമാറാന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടും ചെന്നിത്തലയിലെ പ്രാദേശിക നേതൃത്വം അവഗണിക്കുകയായിരുന്നു.