ന്യൂഡല്‍ഹി: ആപ്പിള്‍ കമ്പനി ഐഫോണ്‍ 18 സീരീസ് ഫോണുകള്‍ ഈ വര്‍ഷം പുറത്തിറക്കുമ്പോള്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ അതിലുണ്ടാവില്ലെന്ന് സൂചന. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 പുറത്തിറക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. ആഗോളതലത്തില്‍ മെമ്മറി ചിപ്പുകള്‍ക്ക് ഉണ്ടായ ക്ഷാമവും, ഫോണുകളുടെ വിതരണ ശൃംഖലയില്‍ തടസ്സം നേരിട്ടതുമാണ് ലോഞ്ച് വൈകുന്നതിന് കാരണമായിരിക്കുന്നത്. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലും രണ്ട് പ്രോ വേരിയന്റുകളും കഴിഞ്ഞ വര്‍ഷം ഒന്നിച്ച് പുറത്തിറക്കിയ സ്ഥാനത്താണ് ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ 2026ലെ റിലീസില്‍ നിന്ന് ഒഴിവാകുന്നത്.
പുതിയ ചിപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ആപ്പിള്‍ സിഇഒ ടീം കുക്ക് പറയുന്നത്. നിലവിലെ പ്രതിസന്ധിയെ മാറിക്കടക്കാനായതെല്ലാം കമ്പനി ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ പ്രീമിയം മോഡലുകളിലേക്കും ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ നിര്‍മിക്കുന്നതിനുമായിരിക്കും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആപ്പിളിന്റെ മൊബൈല്‍ സീരീസുകളില്‍ അടിസ്ഥാന ഐഫോണ്‍ വേരിയന്റായിരുന്നു സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. ഐഫോണ്‍ 15, ഐഫോണ്‍ 16, ഐഫോണ്‍ 17 എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം ഐഫോണ്‍ ഫോള്‍ഡ് സെപ്റ്റംബറില്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. കന്നി ഫോള്‍ഡബിള്‍ ഐഫോണാണ് വരാനിരിക്കുന്ന ഐഫോണ്‍ ഫോള്‍ഡ്. അങ്ങനെയെങ്കില്‍ 2027 ആദ്യം ഐഫോണ്‍ എയര്‍ 2വിനൊപ്പമായിരിക്കും ഐഫോണ്‍ 18 ബേസ് മോഡല്‍ ആപ്പിള്‍ വിപണിയിലെത്തിക്കുക. ആപ്പിളിന്റെ പതിവ് ലോഞ്ച് രീതിയില്‍ നിന്ന് വലിയ മാറ്റമായിരിക്കും ഇത്.
എഐ ഡാറ്റ സെന്ററുകളിലേക്ക് മെമ്മറി ചിപ്പുകള്‍ ആവശ്യമായി വരുന്നതാണ് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ചിപ്പ് ഉത്പാദിപ്പിക്കുന്നതിനായി തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിയെയാണ് ആപ്പിള്‍ ആശ്രയിക്കുന്നത്. എഐ കമ്പനികളും ചിപ്പുകള്‍ക്കായി ഇവരെ സമീപിച്ചത് ആപ്പിളിന് തിരിച്ചടിയായി മാറി. നിലവില്‍ ചൈനയില്‍ ഐഫോണുകള്‍ക്ക് ഉയര്‍ന്ന ഡിമാന്റാണുള്ളത്. എന്നാല്‍ ചിപ്പ് ക്ഷാമം രൂക്ഷമാകുന്നത് കമ്പനിക്ക് കനത്ത നഷ്ടങ്ങളുണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. ആപ്പിള്‍ മാത്രമല്ല നിരവധി ഇലക്ട്രോണിക്ക് വ്യവസായങ്ങളും ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

