വര്‍ഗീയ വിഷം ചീറ്റുന്ന വിഷ പാമ്പിനെ മുഖ്യമന്ത്രി കഴുത്തില്‍ ചുറ്റിനടക്കുന്നു; വെള്ളാപ്പള്ളിക്കെതിരെ വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടന
തൃശൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സംയുക്ത പത്രസമ്മേളനവുമായി വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകള്‍. ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധര്‍മ്മവേദി, എസ്എന്‍ഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മ്മോദ്ധാരണ സമിതി, എസ്എന്‍ഡിപി യോഗം- എസ്എന്‍ ട്രസ്റ്റ് എന്നീ സംഘടനകളാണ് പത്രസമ്മേളനം നടത്തിയത്.വെള്ളാപ്പള്ളിയുടെ ശൈലികള്‍ കേരള സമൂഹം ഉത്കണ്ഠപ്പെടുന്നതാണെന്നും സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചോദ്യം ചെയ്യുന്ന പത്രക്കാരെ തല്ലാന്‍ പോകുന്നുവെന്നും വെള്ളാപ്പള്ളി അപേക്ഷ നല്‍കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ബാറും ഹോട്ടലുമാണ് വെള്ളാപ്പള്ളി ആവശ്യപ്പെടുന്നതെന്നും അവര്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളി നടേശന്‍ ശുദ്ധ നന്ദികേടിന്റെ പര്യായമാണ്. വെള്ളാപ്പള്ളി ബാഖഫി തങ്ങളുടെയും സിഎച്ചിന്റെയും ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കണം. ആര്‍ ശങ്കറിനെ മുന്‍പ് വിജയിപ്പിക്കാന്‍ മുന്‍ കയ്യെടുത്തത് ലീഗ് ആണ്. ആര്‍ ശങ്കര്‍ നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കൊള്ളയടിച്ചത് വെള്ളാപ്പള്ളിയാണ്. തട്ടിപ്പുകാരനും മോഷ്ടാവുമൊക്കെയായ ഒരാളെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് തെറ്റാണ്. അത് മുഖ്യമന്ത്രി തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വര്‍ഗീയ വിഷം ചീറ്റുന്ന വിഷ പാമ്പായ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കഴുത്തില്‍ ചുറ്റി കൊണ്ട് നടക്കുന്നുവെന്നും ഒന്‍പതു വര്‍ഷം കൊണ്ട് കേരളത്തില്‍ ഈഴവര്‍ക്ക് അവഗണനയല്ലാതെ ഒന്നും കിട്ടിയില്ലെന്നും പത്ര സമ്മേളനത്തില്‍ പറയുന്നു. വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തില്‍ അയോഗ്യനായ ആളാണെന്നും കാലാവധി കഴിഞ്ഞിട്ടും ആ സ്ഥാനത്ത് തുടരുന്നുവെന്നും പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
നൂറിലധികം കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നുവെന്നും പട്ടും വളയും ചാര്‍ത്താന്‍ മുഖ്യമന്ത്രിയും മന്ത്രിയും പോകുന്നുവെന്ന രൂക്ഷ വിമര്‍ശനവും സംഘടനകള്‍ ഉന്നയിച്ചു. വെള്ളാപ്പള്ളി സര്‍ക്കാരിന്റെ ഒത്താശയോടെ നിയമവിരുദ്ധമായി എസ്എന്‍ഡിപി സ്ഥാനം വഹിക്കുന്നുവെന്നും വിമര്‍ശനമുണ്ട്.
