വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Update: 2026-01-24 11:51 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. 10,000 കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028ല്‍ പൂര്‍ത്തിയാവും. അതോടെ നിലവിലെ കണ്ടെയ്‌നര്‍ ശേഷി 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി വര്‍ധിക്കും.

സ്വാഗത പ്രസംഗത്തില്‍ കേന്ദ്രമന്ത്രിയെ വേദിയില്‍ ഇരുത്തി മന്ത്രി ശിവന്‍കുട്ടി വിമര്‍ശനം ഉന്നയിച്ചു. തൂത്തുക്കുടി തുറമുഖത്തിന് ലഭിച്ച പരിഗണന വിഴിഞ്ഞം തുറമുഖത്തിന് കിട്ടിയില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ വിമര്‍ശനം. പലിശ സഹിതം പണം തിരിച്ചു വാങ്ങുന്നത് കേരളത്തെ കടക്കെണിയിലാക്കാനുള്ള ശ്രമമാണെന്നും കേന്ദ്രത്തിന്റേത് ഫെഡറല്‍ സംവിധാനത്തോടുളള വെല്ലുവിളിയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

ഫീഡര്‍ തുറമുഖമായി മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കത്തിനും രണ്ടാം ഘട്ടത്തില്‍ ആരംഭം കുറിക്കും. 2045ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യ കരാര്‍ ഇതാണ് 2028ല്‍ പൂര്‍ത്തിയാക്കുമെന്ന രീതിയിലേക്ക് മാറിയത്. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 2028 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൂര്‍ണമായി തുറമുഖമായി മാറും. 2025 മെയ് രണ്ടിനാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രധാനമന്ത്രി നടത്തിയത്.