പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയതില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി
നാടിന്റെ അവസ്ഥയെക്കുറിച്ച് കേള്‍ക്കാതിരിക്കാനാണോ ഈ മേളമെന്ന് മുഖ്യമന്ത്രി
കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ഉയര്‍ന്ന ചെണ്ട കൊട്ടില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന പ്രസംഗത്തിനിടെ പ്രകടനത്തിന്റെ ഭാഗമായി എത്തിയ ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പരസ്യമായി ചോദിച്ചു. കോട്ടയം തിരുനക്കര മൈതാനിയില്‍ ആയിരുന്നു സമ്മേളനം.
നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള ചെണ്ട കൊട്ടാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി നമ്മുടെ നാടിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ പാടില്ലെന്ന മട്ടിലാണ് സ്വന്തം സംഘടനയിലെ ചിലര്‍ തന്നെ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഭാരവാഹികള്‍ ഇടപെട്ട് ചെണ്ട കൊട്ടുന്നത് ഉടന്‍തന്നെ നിര്‍ത്തി. ചെണ്ട നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. ആദ്യം പുറത്തുനിന്നുള്ള ഏതെങ്കിലും പ്രകടനക്കാരോ ജാഥക്കാരോ ആണ് ബഹളം വെക്കുന്നതെന്നാണ് താന്‍ കരുതിയത്. എന്നാല്‍ സംഘാടകരുടെ കൂട്ടത്തില്‍ തന്നെയുള്ളവരാണ് ചെണ്ട കൊട്ടുന്നതെന്നാണ് മനസിലായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.