യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ രണ്ട് പ്രധാന നിയമങ്ങള്‍ കൂടി ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: എംഎന്‍ആര്‍ഇജിഎയ്ക്ക് ശേഷം, യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ രണ്ട് പ്രധാന നിയമങ്ങള്‍ ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ അവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവുമാണ് ഭേദഗതി ചെയ്യുന്നതെന്നാണ് റിപോര്‍ട്ടുകള്‍.. ഈ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്നും എല്ലാ ഗുണഭോക്താക്കളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നാണ് വാദം.
ആദ്യം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. ഇത് പരാജയപ്പെട്ടാല്‍, പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മ്മാണം (ബില്ലുകള്‍) അവതരിപ്പിക്കപ്പെട്ടേക്കാം. കൂടാതെ, ഭവന നിര്‍മ്മാണത്തിനുള്ള അവകാശം നിയമപരമായ അവകാശമാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വികസനവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ക്ക് മൂന്ന് പ്രധാന പോരായ്മകളുണ്ടെന്ന് കണ്‍സള്‍ട്ടേഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചെന്ന് ദൈനിക് ഭാസ്‌കര്‍ റിപോര്‍ട്ട് ചെയ്തു. ഈ നിയമങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ശരിയായ വിദ്യാഭ്യാസമോ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യസുരക്ഷയോ ഉറപ്പാക്കിയില്ലെന്നാണ് ഉദ്യോഗസ്ഥന്റെ വാദം.
എല്ലാ ഗുണഭോക്താക്കളെയും പൂര്‍ണ്ണമായും രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ശരിയായ ആളുകളിലേക്ക് സമയബന്ധിതമായും കൃത്യമായും എത്തിച്ചേരണമെന്നും മോദി പറഞ്ഞു. എംഎന്‍ആര്‍ഇജിഎയ്ക്ക് പകരമുള്ള വിബി-ജി റാം ജി ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് പാസാക്കിയത്.
