കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍
കൊച്ചി: കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണത്തിലാണ് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.
കാന്‍സര്‍ അതിജീവിതയായ കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധു സെറിബ്രല്‍ ഹെമറേജ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. കയര്‍ ബോര്‍ഡ് മുന്‍ സെക്രട്ടറി, മുന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.
അഴിമതിക്ക് കൂട്ടുനില്‍ക്കാതിരുന്നതിനാല്‍ പ്രമോഷന്‍ നല്‍കാതിരിക്കുകയും കൊച്ചിയില്‍നിന്ന് ഹൈദരാബാദിലേക്ക് ജോളിയെ സ്ഥലംമാറ്റുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനെതിരേ പരാതി നല്‍കിയപ്പോള്‍ ഭീഷണി നേരിട്ടെന്നും കുടുംബം പറയുന്നു. മാനസികപീഡനം മൂലമാണ് ജോളി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.