വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്ഥാനാര്‍ഥി മരിച്ചു

വിഴിഞ്ഞം 66ാം വാര്‍ഡില്‍ വോട്ടെടുപ്പ് മാറ്റിവച്ചു

Update: 2025-12-08 15:50 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥി മരിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോള്‍ ഓട്ടോയിടിച്ച് ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ജസ്റ്റിന്‍ ഫ്രാന്‍സിസ്(60)ആണ് മരിച്ചത്.

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടുവന്ന് ജസ്റ്റിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചു. നാളെയാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.

ശനിയാഴ്ച രാത്രി ഞാറവിള-കരയടിവിള റോഡിലായിരുന്നു സംഭവം. വോട്ടര്‍മാരെ കണ്ടു മടങ്ങുമ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തില്‍ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.