ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ പ്രദീപ് എന്‍ പി, റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കായികതാരങ്ങളായ പ്രദീപ് എന്‍ പി, റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവരുടെ കായിക നേട്ടങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രദീപ് എന്‍ പി, റിനോ ആന്റോ എന്നിവരെ യഥാക്രമം ജലസേചനം, രജിസ്ട്രഷന്‍ വകുപ്പുകളില്‍ ക്ലാര്‍ക്ക് തസ്തികയിലും അനസ് എടത്തൊടിയെ പോലിസ് വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയിലുമാണ് നിയമിക്കുക.
ഒരു ലക്ഷം രൂപ വീതം
വയനാട് മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിലെ വീടുകളില്‍ താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വീതം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്റെ ബില്ല് സമര്‍പ്പിക്കുന്നതിനനുസരിച്ചാണ് തുക കൈമാറുക.
എയ്ഡഡ് കോളേജ് അനുവദിക്കും
വീരശൈവ സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചിട്ടുള്ള വീരശൈവ എഡ്യൂക്കേഷണല്‍ & എന്‍പവര്‍മെന്റ് ട്രസ്റ്റിന്റെ മാനേജ്‌മെന്റിന് കീഴില്‍ പത്തനംതിട്ട അടൂരില്‍ 'വീരശൈവ ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍ട്‌സ് & സയന്‍സ് എന്ന പേരില്‍ ഒരു എയ്ഡഡ് കോളേജ് മൂന്ന് കോഴ്സുകളോടെ ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചു. ബി എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ബികോം കോര്‍പ്പറേഷന്‍, ബികോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളോടെ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ സ്ഥിരം തസ്തിക സൃഷ്ടിച്ചു നല്‍കാമെന്നും യൂണിവേഴ്‌സിറ്റി അനുമതിക്ക് വിധേയമായിട്ടായിരിക്കും സര്‍ക്കാര്‍ അനുമതി എന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയത്.
വന്യജീവി ആക്രമണത്തില്‍ മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡം
വന്യജീവി ആക്രമണത്തില്‍ മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. മരപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും നാലു ലക്ഷവും വനം-വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് നാലു ലക്ഷം രൂപക്ക് പുറമേ സിഎംഡിആര്‍എഫില്‍ നിന്ന് ആറു ലക്ഷം അനുവദിക്കും. 40%-60% വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും, CMDRFല്‍ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 5,400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94,600 രൂപയും അനുവദിക്കും.
പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് അനുമതി
വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമിപതിവ്(പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കല്‍)ചട്ടങ്ങള്‍ 2026 രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മിതികള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കും. കൂടാതെ 5,000 സ്‌ക്വയര്‍ഫീറ്റിന് താഴെ വിസ്തീര്‍ണമുള്ള കൊമേഷ്യല്‍/ഇന്‍ഡസ്ട്രിയല്‍ കെടിടങ്ങള്‍ക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. 5,000-10,000 സ്‌ക്വയര്‍ഫീറ്റിനിടയിലുള്ള കെടിടങ്ങള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ ന്യായവിലയുടെ ഒരു ശതമാനം ഈടാക്കും. 10,000 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള കെടിടങ്ങള്‍ക്ക് ന്യായവിലയുടെ രണ്ട് ശതമാനം ഈടാക്കും. ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനം ഈടാക്കും.
വിഴിഞ്ഞം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 230 ഏക്കര്‍ ഭൂമി LARR ആക്ട് പ്രകാരം ഏകദേശം 810 കോടി രൂപ ചെലവില്‍ ഏറ്റെടുക്കും. കോട്ടുകാല്‍, മാറനല്ലൂര്‍, അമരവിള പ്രദേശങ്ങളിലായാണ് ഭൂമി ഏറ്റെടുക്കുക. സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയില്‍ 283.68 കോടി രൂപ കമ്പനിയുടെ PSTSB അക്കൗണ്ടില്‍ ഉള്ള തുകയില്‍ നിന്നും വിനിയോഗിക്കുന്നതിനും ശേഷിക്കുന്ന തുക നിലവില്‍ അംഗീകരിച്ചിരിക്കുന്ന നബാര്‍ഡ് വായ്പയില്‍ നിന്നും കണ്ടെത്തുന്നതിനും അനുമതി നല്‍കി. ഏറ്റെടുക്കുന്ന 230 ഏക്കര്‍ ഭൂമിയില്‍ പോര്‍ട്ട്-ലെഡ് വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും നടപ്പിലാക്കുന്നതിന് VISL അനുമതി നല്‍കി.
സംരക്ഷണ ആനുകൂല്യം നല്‍കും
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അക്കാദമിക വര്‍ഷം വരെ(31.03.2022 വരെ) വ്യവസ്ഥാപിത അധിക/റഗുലര്‍(രാജി, മരണം, വിരമിക്കല്‍, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ പ്രകാരമുള്ള)തസ്തികകളില്‍ ശമ്പള സ്‌കെയിലില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക-അനധ്യാപകര്‍ക്ക്, വ്യവസ്ഥകള്‍ക്ക് വിധേയമായി സംരക്ഷണ ആനുകൂല്യം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ചലച്ചിത്ര നയം മന്ത്രിസഭായോഗം അംഗീകരിച്ചു
ചലച്ചിത്ര മേഖലയിലെ എല്ലാ വിഭാഗങ്ങളിലേയും വ്യക്തികളുമായി ചര്‍ച്ച ചെയ്തതിന്റെയും സിനിമാ കോണ്‍ക്ലേവില്‍ പങ്കുവെച്ച ആശയങ്ങളും പൊതുജനങ്ങളില്‍ നിന്നും സ്വരൂപിച്ച അഭിപ്രായങ്ങളും കണക്കിലെടുത്ത് തയ്യാറാക്കിയ കേരള സംസ്ഥാന ചലച്ചിത്ര നയം അംഗീകരിച്ചു. 92 ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും അടക്കം വിപുലമായ സംസ്ഥാന ചലചിത്ര നയത്തിനായി അംഗീകാരം നല്‍കിയത്.
തെരുവോരങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷയും പുനരധിവാസത്തിനുമായി സംസ്ഥാന നയം രൂപീകരിക്കും
തെരുവോരങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷയും പുനരധിവാസവും സംബന്ധിച്ച സംസ്ഥാന നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. തെരുവില്‍ അലയുന്ന കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി 17/01/2022ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ വെളിച്ചത്തില്‍ തെരുവുകുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായാണ് സംസ്ഥാനം നയം രൂപീകരിക്കുന്നത്. തെരുവില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷ, സംരക്ഷണം, ആരോഗ്യം എന്നിവ സംരക്ഷിക്കാനും തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളുടെ സമഗ്ര രൂപരേഖയ്ക്കുള്ള അംഗീകാരമാണ് മന്ത്രിസഭായോഗം നല്‍കിയത്.
ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് അനുവദിക്കും
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൈവശം തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലായി ഭൂപരിധിയില്‍ അധികമുള്ള ഭൂമിയ്ക്ക് കേരള ഭൂപരിഷ്‌ക്കരണ നിയമം വകുപ്പ് 81(3) പ്രകാരം ഭൂപരിധിയില്‍ ഇളവ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ക്രിക്കറ്റ് സ്റ്റേഡിയങ്ങളും, കായിക അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകുന്നത് പൊതുതാല്‍പര്യം ഉള്‍ക്കൊള്ളുന്നതിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൈവശമുള്ള തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലെ ഭൂമിയ്ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി 1963ലെ ഭൂപരിഷ്‌ക്കരണ നിയമം വകുപ്പ് 81(3) പ്രകാരം ഭൂപരിധിയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വെയിലൂര്‍ വില്ലേജിലെ 9.74 ഏക്കര്‍ ഭൂമിയും ഹെഡ്ക്വാട്ടേഴ്‌സ് കെടിടം 43.68 സെന്റ് ഭൂമിക്കും ഇതുകൂടാതെ കൊല്ലം ജില്ലയിലെ പവിത്രേശ്വരം വില്ലേജിലെ 9.60 ഏക്കര്‍ ഭൂമിക്കും പവിത്രേശ്വരം വില്ലേജില്‍ നിലം എന്ന് രേഖപ്പെടുത്തിയ 0.94 ഏക്കര്‍ ഭൂമിക്ക് തരംമാറ്റുകയില്ല എന്ന നിബന്ധനയോടെ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു. ഇടുക്കി ജില്ലയിലെ മണക്കാട്, കരിക്കോട് വില്ലേജുകളിലായുള്ള 26.15 ഏക്കര്‍ ഭൂമിയുള്ളതില്‍ കരിക്കോട് ഭൂമിയില്‍ രണ്ട് സ്റ്റേഡിയം ഉള്ളതിനാല്‍ മണക്കാട് വില്ലേജിലുള്ള 9.669 ഏക്കര്‍ ഭൂമിയില്‍ മൂന്നാമത്തെ സ്റ്റേഡിയം നിര്‍മ്മാണത്തിനായി ഭൂമിയില്‍ ഇളവ് അനുവദിക്കും.
ഏതാവശ്യത്തിനാണോ ഭൂമി അനുവദിക്കുന്നത് ആ ആവശ്യത്തിന് തന്നെ ഭൂമി ഉപയോഗിക്കണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ (എസ്എച്ച്എല്‍സിയുടെ അംഗീകാരത്തിന് വിധേയമായി പരമാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍) പദ്ധതി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ഡിപിആര്‍ പ്രകാരമുള്ള പ്രവര്‍ത്തികള്‍ മാത്രമെ ഈ ഭൂമിയില്‍ നടപ്പിലാക്കിയിട്ടുള്ളു എന്ന് ജില്ലാകളക്ടര്‍മാര്‍ ഉറപ്പാക്കേണ്ടതും നിക്ഷേപവും തൊഴില്‍ അവസരങ്ങളും നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന കാര്യം ജില്ലാതല സമിതികള്‍ ഉറപ്പു വരുത്തി ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി മുഖാന്തിരം സര്‍ക്കാരില്‍ സമര്‍പ്പിക്കണം.
കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കിയിരിക്കുന്ന വനഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കി നല്‍കും. പാട്ടക്കാലാവധി കഴിഞ്ഞ 7,748,441 ഹെക്ടര്‍ വനഭൂമിയുടെ കരാറാണ് നിലവിലുള്ള പാട്ട വ്യവസ്ഥയില്‍ പുതുക്കി നല്‍കുക. 1.1.2026 മുതല്‍ അടുത്ത 25 വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍ പുതുക്കിനല്‍കുന്നത്.
കൊല്ലം കിളിമാനൂര്‍ പാപ്പാല എംസി റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ തുക കുട്ടികളുടെ അമ്മൂമ്മയുടെ പേരില്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്യും. ഈ തുകയുടെ പലിശ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് അടക്കം ഉപയോഗിക്കാം.
ഇടുക്കി സ്‌പെഷ്യല്‍ ഡവലപ്പ്‌മെന്റ് പാക്കേജ് എന്നപേരില്‍ ഇടുക്കി ജില്ലയുടെ വികസനത്തിന് ഉതകുന്ന പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കും. മൂന്നാര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയുടെ വികസനം, കട്ടപ്പന താലൂക്ക് ആശുപത്രിയുടെ വികസനം, മൂന്നാര്‍ ഫ്‌ളൈ ഓവര്‍, എന്നിവയടക്കമുള്ള പദ്ധതികള്‍ക്കാണ് അനുമതി.
സംസ്ഥാന മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 31.3.2026 മുതല്‍ 30.9.2026 വരെ ദീര്‍ഘിപ്പിച്ചു.
പ്രധാനപ്പെട്ട 10 ഹോട്ട് സ്‌പോട്ടുകളില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എഡിബി ധനസഹായം ലഭ്യമാക്കി പദ്ധതി നടപ്പിലാക്കും. കേരള സുസ്ഥിര തീരസംരക്ഷണവും കാലാവസ്ഥ പ്രതിരോധ ആസൂത്രണ പദ്ധതി പ്രകാരമാണ് നടപ്പിലാക്കുക.
തിരുവനന്തപുരം-ശംഖുമുഖം, വര്‍ക്കല
കൊല്ലം-ആലപ്പാട്
ആലപ്പുഴ-വലിയഴീക്കല്‍, തൃക്കുന്നപ്പുഴ
എറണാകുളം-വൈപ്പിന്‍
തൃശൂര്‍-കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം
മലപ്പുറം-പൊന്നാനി
കോഴിക്കോട്-കാപ്പാട്
കണ്ണൂര്‍-തലശേരി
കാസര്‍കോട്-വലിയപറമ്പ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്തിന് അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രോപ്പോസല്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി തീരുവനന്തപുരം പേട്ട വില്ലേജിലെയും മുട്ടത്തറ വില്ലേജിലും കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 19.76 ഏക്കര്‍ ഭൂമിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറുക. 4.19 ഏക്കര്‍ സ്വകാര്യ ഭൂമിയും 15.57 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുമാണ് കൈമാറുക. സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനുള്ള ആവശ്യമായ ചെലവും ഭൂമി ഏറ്റെടുക്കല്‍ സ്ഥലംമാറ്റ ചെലവ് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണം അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ എല്ലാ ചെലവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ/ടിയാല്‍ വഹിക്കുമെന്ന് രേഖാമുലം അറിയിക്കണം. കേരള ഫയര്‍ & റസ്‌ക്യു സര്‍വ്വീസിനുള്ള സ്റ്റാഫ് ക്വാട്ടേഴ്‌സുകളും പരിശീലന സൗകര്യവും നിര്‍മ്മിക്കുന്നത് ഓരോന്നിനും 50 സെന്റില്‍ കുറയാത്ത ഭൂമി കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തീരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തും.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ എറണാകുളത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതിയെ പൊതു ആവശ്യത്തിന്റ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി. 2023ലെ കായിക നയം, 2025ലെ സ്‌പോര്‍ട്‌സ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തിലും കേരള സ്‌പോര്‍ട്‌സ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് സ്‌കീം 2025 പ്രകാരവുമാണ് തീരുമാനം.
ശമ്പളപരിഷ്‌ക്കരണം
കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്‌കരണം 1.7.2019 മുതല്‍ പ്രാബല്യത്തില്‍ നടപ്പിലാക്കും.
കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം 1.1.2023 മുതല്‍ പ്രാബല്യം നടപ്പിലാക്കും.
സ്റ്റീല്‍ ആന്റ് ഇന്റസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡിലെ എക്‌സിക്യൂട്ടിവുകളുടെ ശമ്പള പരിഷ്‌കരണം 1.5.2017 മുതല്‍ പ്രാബല്യത്തില്‍ നടപ്പാക്കും.
കേരള ഹെല്‍ത്ത് റിസേര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാരുടെ 11ാം ശമ്പളപരിഷ്‌ക്കരണത്തന് അംഗീകാരം.
ദി ഫാര്‍സ്യൂട്ടിക്കല്‍സ് കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് (ഔഷധി)ലെ ജനറല്‍ വര്‍ക്കര്‍ വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം 1.7.2023 മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്ഇആര്‍ടിയിലെ ആറ് അക്കാദമിക് ജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്‌കരണം അനുവദിച്ചു.
നിയമനം
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിയമ അംഗത്തിന്റെ തസ്തികയിലേക്ക് ജീനജോസിനെ നിയമിക്കും.
തസ്തിക
മോട്ടോര്‍ വാഹന വകുപ്പില്‍ 60 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 34 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ തസ്തികകളും, 26 മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ തസ്തികകളും ആണ് സൃഷ്ടിക്കുന്നത്.
സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ 68 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പുതുതായി അനുവദിച്ച 17 ഔട്ട്‌ലെറ്റുകളിലേക്കും അഞ്ച് വെയര്‍ ഹൗസുകളിലേക്കുമാണ് പുതിയ തസ്തികകള്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ രണ്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികകളും എട്ട് ക്ലാര്‍ക്ക് തസ്തികകളും സൃഷ്ടിക്കും.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 19 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കും. ബയോളജി വിഭാഗത്തില്‍ അഞ്ചും കെമിസ്ട്രി വിഭാഗത്തില്‍ മൂന്നും ഡോക്യുമെന്‍സ് വിഭാഗത്തില്‍ 11 തസ്തികകളാണ് സൃഷ്ടിക്കുന്നത്.
ഹൈക്കോടതി ആര്‍ബിട്രേഷന്‍ സെന്ററില്‍ ഡെപ്യൂട്ടിഷേന്‍ വ്യവസ്ഥയില്‍ ജില്ലാ ജഡ്ജി റാങ്കിലുള്ള ജുഡീഷ്യല്‍ ഓഫീസറെ നിയമിക്കുന്നതിനായി ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റില്‍ ഒരു ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കും.
പിന്നോക്ക വിഭാഗ വികസനവകുപ്പില്‍ നിലവിലുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക ജോയിന്റ് ഡയറക്ടര്‍ തസ്തികയായി അപ്‌ഗ്രേഡ് ചെയ്യും കൂടാതെ പിന്നോക്ക വിഭാഗ വികസനവകുപ്പ് ഡയറക്ടറേറ്റിലും നാല് മേഖല ഓഫീസിലും രണ്ട് ക്ലാര്‍ക്ക് തസ്തികകള്‍ വീതം 10 പുതിയ ക്ലാര്‍ക്ക് തസ്തിക സൃഷ്ടിക്കും.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ 26 തസ്തികകള്‍ സൃഷ്ടിക്കും.
തലശേരിയില്‍ ആരംഭിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അഡീഷണല്‍ ബെഞ്ചിനോട് അനുബന്ധിച്ച് ആരംഭിക്കുന്ന അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെയും ഗവണ്‍മെന്റ് പ്ലീഡറുടെയും ഓരോ തസ്തികകള്‍ സൃഷ്ടിക്കും. കുടാതെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ മറ്റ് 16 തസ്തികകളും സൃഷ്ടിക്കും.
കണ്ണൂര്‍ ജില്ലയിലെ നടുവില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഓട്ടോ മൊബൈല്‍ വിഭാഗത്തില്‍ നാല് ലക്ചറര്‍ തസ്തിക സൃഷ്ടിക്കും.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ബി.പി.ടി കോഴ്‌സിനായി ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോ തെറോപ്പി തസ്തിക സൃഷ്ടിക്കും.
വിഴിഞ്ഞം ഇന്റര്‍ നാഷണല്‍ സിപോര്‍ട്ട് പ്രൊജക്റ്റുമായി ബന്ധപ്പെട്ട പുനരധിവാസ പക്കേജിന്റെ ഭാഗമായി അനുവദിച്ച കോട്ടുകാല്‍ പട്ടം താണുപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കുളിലെ അഗ്രി ബിസിനസ്സ് ആന്റ് ഫാം സര്‍വ്വീസസ് കോഴ്‌സിനായി മുന്ന് തസ്തികകള്‍ സൃഷ്ടിക്കും.
തിരുവനന്തപുരം ജില്ലയിലെ നെടുമ്മങ്ങാട് പുതിയ ഐടിഐ സ്ഥാപിക്കും. ഫിറ്റര്‍, വെല്‍ഡര്‍, മള്‍ട്ടിമീഡിയ അനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ട്‌സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകള്‍ ഉണ്ടാകും. പ്രിന്‍സിപ്പല്‍ തസ്തികയടക്കം ആകെ 16 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ വാച്ച്മാന്‍ തസ്തിക കെക്‌സോണ്‍ മുഖേനയും സ്വീപ്പര്‍ തസ്തിക കുടുംശ്രീ മുഖേനയും ആയിരിക്കും.
റവന്യൂവകുപ്പിന്റെ കീഴില്‍ ലാന്റ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന വിവധ ഓഫീസുകളിലെ 688 താല്‍ക്കാലിക തസ്തികകള്‍ക്ക് 1.1.2026 മുതല്‍ 31.12.2026 വരെ ഒരു വര്‍ഷത്തേക്ക് തുടച്ചാനുമതി നല്‍കും.
മലപ്പുറം കോട്ടുക്കര പിപിഎം എച്ച് എസ്സ്എസ്സില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഒരു എച്ച്എസ്എസ്ടി ജൂനിയര്‍ തസ്തിക സൃഷ്ടിക്കും.
വയനാട് വൈത്തിരി തരുവണറോഡിന്റെ ഭാഗമായ പടിഞ്ഞാറെത്തറ-നാലാം മൈല്‍ റോഡിന് പുനരുദ്ധാരണത്തിനായി 93 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
ജസ്റ്റിസ് വി ആര്‍ കൃഷണയ്യരുടെ സ്മരണാര്‍ത്ഥം സ്മാരകം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വസതിയായ 'സദ്ഗമയ' ഏറ്റെടുക്കും. ഇവിടെ ലോ ആന്റ് ജസ്റ്റിസില്‍ ഒരു ഗവേഷണ പഠനകേന്ദ്രം ആരംഭിക്കും.
വേളി അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയൊഴിക്കപ്പെട്ട 18 കുടുംബങ്ങളുടെ പുനരധിവാസത്തിനായി കണ്ടെത്തിയ ഒരേക്കര്‍ ഭൂമിക്ക് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം പരിവര്‍ത്തനത്തിന് അനുമതി. തിരുവനന്തപുരം താലൂക്കില്‍ കടകംപള്ളി വില്ലേജില്‍ അപ്പന്‍പിള്ള റോഡില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുനരധിവാസം.

