കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ മൃതദേഹം കളമശേരി ശ്മശാനത്തില്‍ സംസ്‌കരിക്കും
കൊച്ചി: കാണാതായ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കളമശേരി ശ്മശാനത്തില്‍ കുടുംബത്തിന്റെ വിശ്വാസപ്രകാരം മൃതദേഹം സംസ്‌കരിക്കും. മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎന്‍എ ഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
കുവൈറ്റ് മദ്യ ദുരന്തത്തില്‍ ഓര്‍മ്മശക്തി നഷ്ടപ്പെട്ടാണ് സൂരജ് ലാമ കേരളത്തിലെത്തിയത്. അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് കേരളത്തിലാണെന്നത് തന്നെ നിരാശപ്പെടുത്തുന്നുവെന്ന് ലാമയുടെ മകന്‍ സാന്‍ടന്‍ ലാമ പ്രതികരിച്ചു. സൂരജ് ലാമയെ കണ്ടെത്താത്തതില്‍ ഹൈക്കോടതി കടുത്ത ഭാഷയില്‍ പോലിസിനെ വിമര്‍ശിച്ചിരുന്നു.
സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ഭാര്യ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സൂരജ് ലാമയുടേത് വെറുമൊരു മിസ്സിങ് കേസായി കാണരുതെന്നും കൊലപാതകമാണെന്നും ഭാര്യ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെടില്ലായിരുന്നു. ലാമയുടെ മരണത്തില്‍ കുടുംബത്തിന് നീതി ലഭിക്കണം. കേരളീയരും മാധ്യമങ്ങളും സഹായിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ഒക്ടോബര്‍ അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സൂരജ് ലാമയ്ക്കായി മകന്‍ സാന്‍ടന്‍ ലാമ തിരച്ചില്‍ ആരംഭിച്ചതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. പോലിസ് ലാമയെ കണ്ടെത്തി കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഓര്‍മശക്തി നഷ്ടപ്പെട്ട ലാമ അവിടെ നിന്നും പോയിരുന്നു. മകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്ക് പിന്നാലെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. കോടതിയുടെ ശക്തമായ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. 50 ദിവസം പിന്നിട്ട ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
