കോട്ടയം: സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക വഴിത്തിരിവ്. നേരത്തേ സെബാസ്റ്റ്യന്റെ വീട്ടില്‍നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍, ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
ബിന്ദു പദ്മനാഭന്‍, ജെയ്നമ്മ, ഐഷ എന്നീ മൂന്ന് സ്ത്രീകളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസാണ് സെബാസ്റ്റ്യന്റെ പേരിലുള്ളത്. എന്നാല്‍, ബിന്ദുവിനെ കാണാതായ കേസില്‍ ഉയര്‍ന്ന പരാതിയില്‍ ഇതുവരെ ഒന്നും കണ്ടെത്താനായില്ല. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിന്‍ മാത്യു എന്ന ജെയ്‌നമ്മ(48)യെ 2024 ഡിസംബര്‍ 23-നാണ് കാണാതായത്. ജെയ്‌നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്‍ വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ മൂന്നുപേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലിസിന്റെ നിഗമനം.