ബൈക്ക് തള്ളിമാറ്റുന്നതിനിടെ താഴ്ച്ചയിലേക്ക് വഴുതി വീണു; വ്യാപാരിക്ക് ദാരുണാന്ത്യം

Update: 2025-12-06 02:56 GMT

ഇടുക്കി: കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി താഴ്ച്ചയിലേക്ക് വീണു വ്യാപാരി മരിച്ചു. മൂന്നാര്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് ആന്റണി ജോര്‍ജ് (49) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം.

ബന്ധുവിന്റെ വീടില്‍ പോയി മടങ്ങിയെത്തിയ ആന്റണി, വീട്ടിനടുത്ത് പതിവുപോലെ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് കാറില്‍ ഉണ്ടായിരുന്നവരെ ഇറക്കിയ ശേഷം വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, സ്ഥലത്ത് മറ്റൊരു ബൈക്ക് നിര്‍ത്തിയിരുന്നതിനാല്‍ അത് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി 20 അടിയോളം താഴ്ചയുള്ള മെയിന്‍ റോഡിലേക്ക് വീണു. ഗുരുതരാവസ്ഥയില്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: കരോളിന്‍. മക്കള്‍: ജിയോ, ജിയാന്‍.

Tags: