മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടം; നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി

Update: 2025-12-20 04:31 GMT

തിരുവനന്തപുരം: മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നാണ് പ്രിയപ്പെട്ട ശ്രീനിവാസന്റെ വിയോഗമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നടനായും തിരക്കഥാകൃത്തായും സംവിധായകനായും പതിറ്റാണ്ടുകളോളം നമ്മുടെ സിനിമാലോകത്തെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും സാധാരണക്കാരന്റെ ജീവിതവും പ്രശ്‌നങ്ങളും ഇത്രയേറെ തനിമയോടെയും, അതേസമയം നര്‍മ്മത്തിന്റെ മേമ്പൊടിയോടെയും അവതരിപ്പിച്ച മറ്റൊരു കലാകാരന്‍ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം രചിച്ച തിരക്കഥകള്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

വടക്കുനോക്കിയന്ത്രം,വരവേല്‍പ്പ്, നാടോടിക്കാറ്റ്, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ മലയാളി ഉള്ളിടത്തോളം കാലം ഓര്‍മ്മിക്കപ്പെടും. വെള്ളിത്തിരയിലെ ആ ചിരി മാഞ്ഞെങ്കിലും, അദ്ദേഹം ബാക്കിവെച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസന്‍ നമ്മുടെ മനസ്സില്‍ എന്നും ജീവിക്കുമെന്നും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് ശിവന്‍കുട്ടി കൂട്ടിചേര്‍ത്തു.

Tags: