ചെന്നൈ: സത്യമംഗലം ടൈഗർ റിസർവിൽ നാടൻ നിർമിത സ്ഫോടക വസ്‌തു വിഴുങ്ങിയതിനെ തുടർന്ന് രണ്ടു വയസ്സുള്ള ആനക്കുട്ടി ചത്തു. സംഭവത്തിൽ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ആനകൾ വയലിൽ കയറുന്നത് തടയുന്നതിനായി സ്ഥാപിച്ച നാടൻ ബോംബാണ് അപകടത്തിന് കാരണമായത്. ഗുത്തിയലത്തൂർ റിസർവ് വനത്തിൽ പട്രോളിംഗിന് പോയ വനം ഉദ്യോഗസ്ഥരാണ് ആനക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. തുമ്പിക്കൈയിലും വായിലും രക്തസ്രാവമുള്ള ഗുരുതര മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവം സംശയാസ്‌പദമാണെന്ന് വിലയിരുത്തുകയായിരുന്നു. തുടർന്ന് മൃഗഡോക്ടറെ വിളിച്ചു വരുത്തി നടത്തിയ പോസ്റ്റ്മോർട്ടത്തിൽ, നാടൻ ബോംബ് വായിലൂടെ വിഴുങ്ങുമ്പോൾ പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആനകൾ വയലിൽ കയറുന്നത് തടയാൻ പ്രയോഗിച്ച നാടൻ നിർമ്മിത സ്ഫോടക വസ്‌തുവാണ് പൊട്ടിതെറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ കർഷകനായ കാളിമുത്തു (43) വിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
വന്യമൃഗങ്ങളെ ലക്ഷ്യമിട്ട് സ്ഫോടക വസ്‌തുക്കൾ ഉപയോഗിക്കുന്നത് ഗുരുതര കുറ്റമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.