നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിച്ചേക്കും
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: നിയമസഭാസമ്മേളനം ഇന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷം സഭ, സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം വ്യാഴാഴ്ചയോടെ അവസാനിപ്പിക്കാന്‍ നീക്കം. വെള്ളിയാഴ്ച വരെയായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ പോയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച സഭയിലുണ്ടാകില്ല.
നിയമസഭാ അംഗത്തിനെതിരെ മുഖ്യമന്ത്രി ഇന്നലെ നടത്തിയ ബോഡി ഷെയ്മിങ് പ്രസ്താവനയും വിവാദമായിരുന്നു. ഇതും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. എട്ടു മുക്കാലട്ടി വച്ചതുപോലെ എന്നായിരുന്നു പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ മുഖ്യമന്ത്രി പരിഹസിച്ചത്. ഇത് സഭാരേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരേ പെരിന്തല്‍മണ്ണ പോലിസില്‍ പരാതി നല്‍കി യൂത്ത് ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി രംഗത്തെത്തി.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. വെള്ളിയാഴ്ച പാസാക്കാന്‍ നിശ്ചയിച്ചിരുന്ന ആറുബില്ലുകള്‍ കൂടി വ്യാഴാഴ്ച പരിഗണിച്ച് സമ്മേളനം പിരിയാനാണ് സാധ്യത. അതേസമയം വ്യാഴാഴ്ചയും ചോദ്യോത്തര വേള മുതല്‍ പ്രതിഷേധം തുടങ്ങാനാണ് പ്രതിപക്ഷ തീരുമാനം.