വഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി
കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്
കൊച്ചി: വഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ഈ കേസാണ് റദ്ദാക്കിയത്.
വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയിലെത്തിയത്. 2013-ലെ വഖ്ഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖ്ഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചത്. എന്നാല്‍, നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
1999 സെപ്റ്റംബര്‍ മുതല്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണു വാടകയ്ക്ക് മേരിക്കുന്ന് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇതിന്റെ കരാര്‍ സമയാസമയങ്ങളില്‍ പുതുക്കുകയും ചെയ്തിരുന്നു. പോസ്റ്റ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്‌സ് നിര്‍മിക്കുകയാണെന്നും ഇതിനാല്‍ തന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റണമെന്നും കെട്ടിടം ഉടമസ്ഥന്‍ പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ടു. മതിയായ സുരക്ഷ കെട്ടിടത്തിന് ഉണ്ടാകണമെന്ന നിബന്ധനയോടെ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റുകയും ചെയ്തു. 2005 ജൂണിലായിരുന്നു ഇത്. കെട്ടിടത്തിനു പുതിയ ഗ്രില്‍ വച്ചു നല്‍കാമെന്ന് ഉടമസ്ഥന്‍ 2006 ഓഗസ്റ്റില്‍ പോസ്റ്റ് ഓഫിസിനെ അറിയിച്ചെങ്കിലും 2014 വരെ ഇതു നടപ്പാക്കിയില്ല. ഈ സമയം വരെ വാടകയും സ്വീകരിച്ചിരുന്നു.
കുറച്ചു സമയത്തിനുശേഷം കെട്ടിടം ഉടമ വാടക സ്വീകരിക്കാതായി. പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചുപിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ട്രൈബ്യൂണലിലും സ്ഥലമുടമ പരാതി നല്‍കി. ട്രൈബ്യൂണല്‍ ഇതിനിടെ സ്ഥലമുടമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലില്‍ ഈ വിധി റദ്ദാക്കി. ഇതിനിടെയാണ്, പോസ്റ്റ് ഓഫിസ് കടന്നു ഭൂമി കയ്യേറിയെന്നു കാട്ടി വഖഫ് ബോര്‍ഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണല്‍ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണല്‍ പോസ്റ്റ് ഓഫിസിനു നിര്‍ദേശം നല്‍കി. ഇതനുസരിച്ച് സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്രപ്പരസ്യങ്ങള്‍ നല്‍കിയെങ്കിലും സ്ഥലം കിട്ടിയില്ല.ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കെതിരെ 2013ലെ നിയമഭേദഗതി അനുസരിച്ചുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കോടതിയെ സമീപിക്കുന്നത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നിയമം നിലവില്‍ വന്ന കാലവും പോസ്റ്റല്‍ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി.അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

