ആറാം കൊച്ചി മുസിരിസ് ബിനാലെക്ക് ഇന്ന് തുടക്കം

Update: 2025-12-12 02:42 GMT

കൊച്ചി: ലോകോത്തര സമകാല കലയുടെ മഹാസംഗമമായ ആറാം കൊച്ചി മുസിരിസ് ബിനാലെ ഇന്ന് തുടക്കമാവും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. 2026 മാര്‍ച്ച് 31 വരെ നീളുന്ന 110 ദിവസങ്ങളാണ് കേരളത്തിനെ അന്താരാഷ്ട്ര കലാഭൂപടത്തില്‍ കൂടുതല്‍ ശക്തമായി സ്ഥാപിക്കുന്ന ഈ കലാമാമാങ്കം. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള അറുപതിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന രാജ്യാന്തര വിഭാഗം ഈ വര്‍ഷത്തെ ബിനാലെയുടെ മുഖ്യാകര്‍ഷണമാണ്. രാജ്യത്തെ പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികളോടൊപ്പം മലയാളി കലാകാരന്മാരുടെയും ഇന്ത്യന്‍ കലാ വിദ്യാര്‍ഥികളുടെയും കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രദര്‍ശന വിഭാഗങ്ങളുമുണ്ടാകും. കലാവതരണങ്ങള്‍, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങി വിവിധ അനുബന്ധ പരിപാടികളും ദിവസവും അരങ്ങേറും.

രാജ്യാന്തര കലാസ്ഥാപനങ്ങളുടെ 'ഇന്‍വിറ്റേഷന്‍സ്',രാജ്യത്തെ 175 കലാ ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുന്ന 'സ്റ്റുഡന്റ്‌സ് ബിനാലെ', കുട്ടികളുടെ 'ആര്‍ട്ട് ബൈ ചില്‍ഡ്രന്‍', 36 മലയാളി കലാകാരന്മാരുടെ രചനകള്‍ അടങ്ങിയ 'ഇടം' തുടങ്ങി പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 13 ന് തുടങ്ങും. അന്തരിച്ച പ്രശസ്ത കലാകാരന്‍ വിവാന്‍ സുന്ദരത്തിന്റെ സിക്‌സ് സ്‌റ്റേഷന്‍സ് ഓഫ് എ ലൈഫ് പര്‍സ്യൂഡ് ഫോട്ടോഗ്രഫി ഇന്‍സ്റ്റലേഷന്‍, പൊതുയിടങ്ങളിലെ കലാപദ്ധതിയായ ഐലന്‍ഡ് മ്യൂറല്‍ പ്രോജക്ട് എന്നിവയും ശ്രദ്ധേയമാണ്. ഈ വര്‍ഷം കൂടുതല്‍ പ്രദര്‍ശനവേദികളാണ് ഒരുക്കിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ്, കൊച്ചി നഗരം എന്നിവിടങ്ങളിലായി 29 ഗാലറികളാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ വേദികളും സന്ദര്‍ശിക്കാന്‍ കുറഞ്ഞത് മൂന്നുദിവസമെങ്കിലും ആവശ്യമായിരിക്കുമെന്ന് ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി വേണു വ്യക്തമാക്കി.

ഇന്ന് പകല്‍ 12ന് പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗിരഹിത ഹരിദാസിന്റെ തായമ്പകയുടെ അകന്പടിയില്‍ ബിനാലെ പതാക ഉയര്‍ത്തും. തുടര്‍ന്ന് മോണിക്ക ഡി മിറാണ്ട, സറീന മുഹമ്മദ് എന്നിവരുടെ കലാവതരണങ്ങളും ഉണ്ടായിരിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം ഷഹബാസ് അമന്‍, നേഹ നായര്‍, രശ്മി സതീഷ് എന്നിവര്‍ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീത പരിപാടി അരങ്ങേറും.

Tags: