'2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം, പ്രളയത്തിന് കാരണം അഴിമതി'; മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയുമായി മാത്യു കുഴല്‍നാടന്‍
ഇടുക്കി: 2018ലെ പ്രളയത്തിന് കാരണം സര്‍ക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മാത്യു കുഴല്‍നാടന്‍. കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഒന്നാം പിണറായിസര്‍ക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടിയുടെ പഴയകാല ശബ്ദസന്ദേശം എന്ന് അവകാശപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിനെ കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്ന് കൃഷ്ണന്‍കുട്ടി, ഒരു പാര്‍ട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് കുഴല്‍നാടന്‍ അവകാശപ്പെടുന്നു. ഇതില്‍ മാത്യു ടി തോമസിന് പങ്കുണ്ടെന്നതിന് കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
'തോട്ടപ്പള്ളി സ്പില്‍വേ ഒരു മാസം മുന്‍പേ തുറക്കേണ്ടിയിരുന്നതാണ്, എന്തുകൊണ്ട് തുറന്നില്ല?. അത് തുറന്നാല്‍ അതിന്റെ താഴെയുള്ള കരിമണല്‍ ഒലിച്ചു പോകും. മേരിമാതായെന്ന കരാര്‍ കമ്പനിയാണ് കരാര്‍ എടുത്തത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ അനുമതി കൊടുത്തില്ല. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. അത് മറച്ചു വിറ്റാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വില്‍ക്കും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കരാറുകാരന് ലാഭം കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട', എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

