പുടിനായി ഒരുക്കിയ രാഷ്ട്രപതിയുടെ വിരുന്നില്‍ തരൂരിന് ക്ഷണം; രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും ക്ഷണമില്ല
തീര്‍ച്ചയായും അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. അതേസമയം ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും വിരുന്നില്‍ ക്ഷണമില്ല. വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തലവനെന്ന നിലയില്‍ നല്‍കിയ ബഹുമാനത്തിന്റെ പ്രതിഫലനമാണ് തനിക്കുള്ള ക്ഷണമെന്ന് ശശി തരൂര്‍ പറഞ്ഞു. താന്‍ തീര്‍ച്ചയായും അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്നും, വിരുന്നില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണം ലഭിക്കാത്തതിനെ കൂറിച്ച് തനിക്ക് അറിയില്ലയെന്നും തരൂര്‍ പറഞ്ഞു.
ഇന്നു രാത്രിയാണ് രാഷ്ട്രപതി ഭവനില്‍ റഷ്യന്‍ പ്രസിഡന്റിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഔദ്യോഗിക വിരുന്ന് നടത്തുന്നത്. രാജ്യം സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി ഭവനില്‍ ചടങ്ങളോടെ അത്താഴവിരുന്ന് നല്‍കി ആദരിക്കുന്നത് ദീര്‍ഘാകാല പാരമ്പര്യമാണ്. അതേസമയം ശശി തരൂരിന് ക്ഷണം ലഭിക്കുകയും പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമില്ലാതിരിക്കുകയും ചെയ്ത നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. 'നേതാക്കളെ തഴഞ്ഞുകൊണ്ട് ഞങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും ഞങ്ങളാരും അതില്‍ പങ്കെടുക്കില്ലായിരുന്നു'വെന്ന് തരൂരിനെ ലക്ഷ്യംവെച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ മനസ്സാക്ഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാരും പ്രതിപക്ഷ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ഖര്‍ഗെ ആരോപിച്ചിരുന്നു. സുരക്ഷിതത്വം ഇല്ലായ്മ കാരണം വിദേശ പ്രമുഖരോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും വിരുന്നില്‍ നിന്ന് അവഗണിച്ചത്. വിദേശ പ്രമുഖരെ സന്ദര്‍ശിക്കുമ്പോള്‍ എല്‍ഒപി സന്ദര്‍ശിക്കുന്ന ഒരു പാരമ്പര്യമുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

