തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷം തടവും അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്. കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്ന കേസിലാണ് കൊല്ലം സ്വദേശി പ്രവീണിന് ശിക്ഷ വിധിച്ചത്.
2022 മാര്‍ച്ച് 5ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയില്‍ ഡ്രൈവറാണ് പ്രവീണ്‍. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രവീണ്‍. നിലവില്‍ വിവാഹിതനായ പ്രവീണ്‍ ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആഗ്രഹിച്ചത്. നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീണ്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല.
ഇതോടെ അസ്വസ്ഥയായ ഗായത്രിയുടെ സമാധാനത്തിനായി 2021 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ ഒരു പളളിയില്‍ വച്ച് താലികെട്ടിയത്. ഈ ചിത്രങ്ങള്‍ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. പ്രവീണിന്റെ രഹസ്യബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ ജ്വല്ലറി ജീവനക്കാരനായ ഇയാളെ സ്ഥാപനം തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്‌നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം താനുമുണ്ടെന്ന് ഗായത്രി നിര്‍ബന്ധം പിടിച്ചു.
എന്നാല്‍, പിന്നീട് ഗായത്രിയെ തനിക്ക് വേണ്ടെന്ന നിലപാടില്‍ പ്രവീണ്‍ എത്തി. പക്ഷേ, ഗായത്രി എതിര്‍ത്തു. ഇതോടെ ഗായത്രിയെ ഒഴിവാക്കാന്‍ പ്രവീണിന്റെ മുന്നില്‍ മറ്റുമാര്‍ഗങ്ങളുണ്ടായില്ല. 2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്ത് ഗായത്രിയെ അവിടേയ്ക്കു കൊണ്ടുവന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രവീണ്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു കണ്ടെത്തി. പ്രതിയും ഗായത്രിയും ഗായത്രിയുടെ ബന്ധുക്കളും തമ്മില്‍ നടത്തിയ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ സമയക്രമവും പ്രതിയും ഗായത്രിയും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷനുകളും മറ്റും പ്രതിക്കെതിരെയുള്ള തെളിവുകളായി. ഗായത്രിയുടെ കഴുത്തിലുണ്ടായിരുന്ന മുറിവുകള്‍ ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും മൊഴി നല്‍കിയിരുന്നു.
107 ആം നമ്പര്‍ മുറില്‍ ഒരു സ്ത്രീ മരിച്ചുവെന്നായിരുന്നു ഹോട്ടല്‍ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോള്‍. ജീവനക്കാര്‍ തിരക്കിയെത്തിയപ്പോള്‍ മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പോലിസ് എത്തി മുറി തുറന്നപ്പോഴാണ് വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്. മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഗായത്രിയുടെ കുടുംബം പോലിസിനോട് പറഞ്ഞിരുന്നു.

