തായ് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ അംബാസഡറെ വിളിച്ചുവരുത്തി തായ്ലന്‍ഡ്
ബാംങ്കോക്ക്: തായ്ലന്‍ഡ് പതാകയുള്ള കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തായ്ലന്‍ഡ് വിദേശകാര്യ മന്ത്രാലയം ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി. ആക്രമണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് മയൂരി നാരി എന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് ജീവനക്കാരെ കാണാതായതായും കപ്പലിന്റെ എഞ്ചിന്‍ മുറിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും കപ്പലിന്റെ ഓപ്പറേറ്റര്‍ പറഞ്ഞു. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിങ്ങ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നാരീ എന്ന കപ്പല്‍ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
കപ്പലിന് 178 മീറ്റര്‍ നീളവും 30,000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു. ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാന്‍ ഇപ്പോഴും പറയുന്നത്. വടക്കന്‍ ഒമാന്‍ തീരത്തിന് 11 നോട്ടിക്കല്‍ മൈല്‍ അകലെ സ്‌ഫോടനത്തില്‍ കാര്‍ഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടര്‍ന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു.
ഒമാന്‍ തീരത്ത് മറ്റൊരു കാര്‍ഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ദുബായ് തീരത്തിന് 50 നോട്ടിക്കല്‍ മൈല്‍ അകലെയും കപ്പല്‍ അപകടത്തില്‍ പെട്ടതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. റാസല്‍ ഖൈമ തീരത്തിന് 25 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു കപ്പലും അപകടത്തില്‍ പെട്ടിട്ടുണ്ട്.
